വാഹനത്തിനുനേരെ വെടിയുതിർത്ത മൂന്നു ഭീകരരെ വധിച്ചെന്ന് റിപ്പോർട്ട് ;കശ്മീരിൽ തിരിച്ചടിച്ച് സൈന്യം
ശ്രീനഗർ∙ ജമ്മു കശ്മീരിലെ അഖ്നൂർ ജില്ലയിലെ ഭീകരാക്രമണത്തിൽ തിരിച്ചടിച്ച് സൈന്യം. മൂന്നു ഭീകരരെയും വധിച്ചു എന്നാണ് റിപ്പോർട്ടുകൾ. ഇക്കാര്യം കരസേന ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇന്നു രാവിലെയാണ് കരസേനയുടെ വാഹനത്തിനുനേരെ ഭീകരർ വെടിയുതിർത്തത്. 20 റൗണ്ടിലേറെ വെടിയുതിർത്തെന്നാണ് വിവരം. രണ്ടുമണിക്കൂറോളം ഏറ്റുമുട്ടൽ ഉണ്ടായെന്നാണ് റിപ്പോർട്ട്.
കശ്മീരിലെ അഖ്നൂരിൽ ജോഗ്‌വാനിലെ ശിവാസൻ ക്ഷേത്രത്തിനു സമീപമാണ് സംഭവം. ഒളിച്ചിരുന്ന ഭീകരർ വാഹനത്തിനുനേരെ വിവിധ ദിശകളിൽനിന്ന് വെടിയുതിർക്കുകയായിരുന്നു. കരസേനയുടെ ആംബുലൻസിനെയാണ് ഭീകരർ ലക്ഷ്യമിട്ടതെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്.
ഗന്ദർബാലിലും ബാരാമുള്ളയിലും അടുത്തിടെയുണ്ടായ ഭീകരാക്രമണത്തെത്തുടർന്ന് ജമ്മു, കഠ്‌വ, സാംബ, പൂഞ്ച്, രജൗരി എന്നിവയുൾപ്പെടെ ജമ്മുവിന്റെ അതിർത്തി ജില്ലകളിൽ നേരത്തെ അതീവ ജാഗ്രതാ നിർദേശം നൽകിയിരുന്നു.
കശ്മീരിൽ ഒരാഴ്ചയ്ക്കിടെ നടക്കുന്ന അഞ്ചാമത്തെ ഭീകരാക്രമണമാണിത്. സേനയുടെ വാഹനം ആക്രമിക്കപ്പെടുന്ന രണ്ടാമത്തെ സംഭവവും. ഒക്ടോബർ 25ന് ബാരാമുള്ള ജില്ലയിലെ ഗുൽമാർഗിൽ ഭീകരർ നടത്തിയ വെടിവയ്പ്പിൽ മൂന്നു സൈനികർ വീരമൃത്യു വരിച്ചിരുന്നു. രണ്ടു പോർട്ടർമാരും കൊല്ലപ്പെട്ടു.
സൈനികരെ ആക്രമിക്കുന്നതിനു മുൻപു സൈനികവാഹനത്തിനു നേരെയും ആക്രമണമുണ്ടായി. ഒക്ടോബർ 18ന് ഷോപിയാനിൽ ഒരു തൊഴിലാളിയെ കൊലപ്പെടുത്തിയ ഭീകരർ 20ന് ഗന്ദേർബാൾ ജില്ലയിലെ തൊഴിലാളി ക്യാംപിനു നേരെയും ആക്രമണമുണ്ടായി. ഏഴു പേരാണ് അന്ന് കൊല്ലപ്പെട്ടത്.
കശ്മീരിൽ ഈ വർഷം ഇതുവരെ 9 സൈനികരും 15 സാധാരണക്കാരുമാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. 21 ഭീകരരെ സൈന്യം വധിച്ചു. ജമ്മുവിൽ 13 സുരക്ഷാ ഉദ്യോഗസ്ഥരും 11 സാധാരണക്കാരും ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടു.