കശ്മീർ ഭീകരാക്രമണം: അന്വേഷണത്തിന് എൻഐഎയും; പിന്നിൽ ‘ദ് റെസിസ്റ്റൻസ് ഫ്രന്റ്’ എന്ന് സൂചന

0

ശ്രീനഗർ∙  ജമ്മു കശ്മീരിലെ ഗാൻദെർബാൽ ജില്ലയിലെ ഗഗൻഗീർ മേഖലയിൽ ഞായറാഴ്ച ഉണ്ടായ ഭീകരാക്രമണത്തിനു പിന്നിൽ ഭീകരസംഘടനയായദ് റെസിസ്റ്റൻസ് ഫ്രന്റെന്ന് സൂചന. പാക്കിസ്ഥാന്റെ പിന്തുണയുള്ള ഭീകരസംഘടനയായ ‘ദ് റെസിസ്റ്റൻസ് ഫ്രന്റിന്റെ’ പ്രവ‍ർത്തനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. ഈ വർഷം ജൂണിൽ ജമ്മു കശ്മീരിലെ റിയാസി ജില്ലയിൽ തീർഥാടകർ സഞ്ചരിച്ചിരുന്ന ബസിന് നേരെയുണ്ടായ ഭീകരാക്രമണത്തിനു പിന്നിലും ദ് റെസിസ്റ്റൻസ് ഫ്രന്റ് ആയിരുന്നു.

ഇതിന് പിന്നാലെയാണ് കശ്മീരിനെ ഭീതിയിലാഴ്ത്തിയ മറ്റൊരു ഭീകരാക്രമണവും നടന്നിരിക്കുന്നത്. ഞായറാഴ്ച രാത്രിയുണ്ടായ ഭീകരാക്രമണത്തിൽ ഒരു ഡോക്ടർ ഉൾപ്പെടെ 7 പേരാണ് കൊല്ലപ്പെട്ടത്.കശ്മീരിൽ ഭീകരാക്രമണം നടന്നതിനു പിന്നാലെ മുതിർന്ന എൻഐഎ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു. ഭീകരാക്രമണത്തിനു പിന്നിൽ പാക്കിസ്ഥാൻ പിന്തുണയുള്ള ഭീകരസംഘടനയാണെന്ന വാർത്തകൾക്ക് പിന്നാലെയാണ് എൻഐഎ ഉദ്യോഗസ്ഥർ മേഖലയിലേക്കു തിരിച്ചത്.

ഭീകരാക്രമണത്തിന് പിന്നിൽ ദ് റെസിസ്റ്റൻസ് ഫ്രന്റിന്റെ പങ്ക് പുറത്തുവന്നതോടെ കേസ് അന്വേഷണം എൻഐഎ ഏറ്റെടുത്തേക്കും.അതേസമയം, ഭീകരാക്രമണത്തിന് ശക്തമായി മറുപടി നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. ഗഗൻഗീറിൽ തൊഴിലാളികൾക്ക് നേരെയുണ്ടായ ഭീകരാക്രമണം ഭീരുത്വമാണെന്ന് അമിത് ഷാ എക്സിൽ കുറിച്ചു. ഹീനമായ പ്രവൃത്തിയിൽ ഉൾപ്പെട്ടവരെ വെറുതെ വിടില്ലെന്നും സുരക്ഷാ സേനയിൽ നിന്ന് ഭീകരർക്ക് കടുത്ത പ്രതികരണം നേരിടേണ്ടി വരുമെന്നും അമിത് ഷാ മുന്നറിയിപ്പ് നൽകി.

ഗാൻദെർബാൽ ജില്ലയിലെ ഗഗൻഗീർ മേഖലയിൽ തൊഴിലാളികളുടെ താമസസ്ഥലത്ത് ഭീകരർ നടത്തിയ വെടിവയ്പിൽ ഒരു ഡോക്ടറും 6 തൊഴിലാളികളും കൊല്ലപ്പെട്ടു. സോനാമാർഗ് മേഖലയിൽ ശ്രീനഗർ–ലേ തുരങ്കനിർമാണത്തിന് എത്തിയ തൊഴിലാളികളുടെ താമസസ്ഥലത്താണു വെടിവയ്പുണ്ടായത്. ജോലി കഴിഞ്ഞു തൊഴിലാളികളും മറ്റു ജീവനക്കാരും ക്യാംപിലേക്കു തിരിച്ചെത്തിയപ്പോഴായിരുന്നു ആക്രമണം. ആക്രമണം നടത്തിയ 2 ഭീകരരെ കണ്ടെത്താൻ സുരക്ഷാസേന വ്യാപക തിരച്ചിൽ ആരംഭിച്ചു. കഴിഞ്ഞ ദിവസം ഷോപിയാനിൽ ബിഹാറിൽനിന്നുള്ള തൊഴിലാളിയെയും ഭീകരർ വെടിവച്ചുകൊന്നിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *