കാസർകോട്ട് സ്ത്രീയെ ഭർത്താവ് വെട്ടിക്കൊന്നു; ബന്ധുക്കളെ വിളിച്ചറിയിച്ച ശേഷം പൊലീസിൽ കീഴടങ്ങി
കാഞ്ഞങ്ങാട് (കാസർകോട്)∙ അമ്പലത്തറ കണ്ണോത്ത് സ്ത്രീയെ ഭർത്താവ് വെട്ടിക്കൊന്നു. കണ്ണോത്ത് കക്കാട്ടെ കെ.ദാമോദരനാണ് ഭാര്യ എന്‍.ടി.ബീനയെ വീടിനകത്തുവച്ച് വെട്ടി കൊലപ്പെടുത്തിയത്. ബന്ധുക്കളെ വിളിച്ചറിയിച്ച ശേഷം രാവിലെ അമ്പലത്തറ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. ഇവരുടെ ഏക മകന്‍ വിശാല്‍ ഡല്‍ഹിയില്‍ മൊബൈല്‍ ടെക്‌നീഷ്യനാണ്.കൊലപാതക കാരണം വ്യക്തമല്ല. ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ, ഡിവൈഎസ്പി വി.വി.മനോജ്, അമ്പലത്തറ സിഐ ടി.ദാമോദരൻ എന്നിവരുടെ നേതൃത്വത്തിൽ സംഭവ സ്ഥലത്ത് പൊലീസ് പരിശോധന നടക്കുകയാണ്. വിരലടയാള വിദഗ്ധരും പരിശോധനയ്ക്കായി എത്തിയിട്ടുണ്ട്.