കരുവന്നൂർ ബാങ്ക് തട്ടിപ്പ് : കേസിലെ പ്രതികൾക്ക് ജാമ്യം
തൃശൂർ :കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികൾക്ക് ഒരു വർഷത്തിന് ശേഷം ജാമ്യം അനുവദിച്ച് ഹൈക്കോടതി. പ്രതികളായ സി പി എം നേതാവ് സി ആർ അരവിന്ദാക്ഷനും, മുൻ അക്കൗണ്ടന്‍റ് സി കെ ജിൽസിനുമാണ് ജാമ്യം ലഭിച്ചത്. ഇരുവരും ഒരു വർഷത്തിലധികമായി റിമാൻഡിൽ കഴിയുകയായിരുന്നു. വടക്കാഞ്ചേരി നഗരസഭാംഗമാണ് അരവിന്ദാക്ഷൻ. ബന്ധുവിൻ്റെ ചടങ്ങിൽ പങ്കുകൊള്ളാനായി ഇദ്ദേഹത്തിന് ഇടക്കാല ജാമ്യം നൽകിയിരുന്നു.
ഇനിയും ജാമ്യം നിഷേധിക്കേണ്ട സാഹചര്യമില്ലെന്നും കേസില്‍ വിചാരണ വൈകുമെന്നതും കണക്കിലെടുത്താണ് ഹൈക്കോടതി നടപടി. ജസ്റ്റിസ് സിഎസ് ഡയസാണ് ഇരുവരുടെയും ജാമ്യാപേക്ഷയില്‍ വാദം കേട്ടത്.ഒന്നാം പ്രതിയായ തൃശൂര്‍ കോലഴി സ്വദേശി സതീഷ് കുമാറിന്റെ അടുത്ത സുഹൃത്തായ അരവിന്ദാക്ഷന്‍ പണം ഇടപാടിലെ ഇടനിലക്കാരനാണെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ കള്ളപ്പണ നിരോധന നിയമപ്രകാരം സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയുടെ അടക്കം 29.29 കോടി രൂപയുടെ ആസ്തിയും കെട്ടിടങ്ങളും ഭൂമിയും ഉൾപ്പെടെ 28.65 കോടി വില വരുന്ന സ്ഥാവര വസ്തുക്കളും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി). കണ്ടുകെട്ടിയിരുന്നു.. ഇതിൽ 10 ലക്ഷം രൂപ വില വരുന്ന സ്ഥാവര വസ്തുവാണ് സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയുടെ പേരിലുള്ളത്. തൃശൂരിലെ സിപിഎമ്മിൻ്റെ ലോക്കൽ ഏരിയ കമ്മിറ്റികളുടെ പേരിൽ എട്ട് വെളിപ്പെടുത്താത്ത ബാങ്ക് അക്കൗണ്ടുകളിലായുള്ള 63.62 ലക്ഷം രൂപയടക്കം എട്ട് ജംഗമ വസ്തുക്കളും കണ്ടുകെട്ടിയവയിൽ ഉൾപ്പെടുന്നതായി ഇഡി നേരത്തെ അറിയിച്ചിരുന്നു.