യുവതി പിടിയിൽ ; രണ്ടുമാസംപ്രായമുള്ള കുഞ്ഞിനെയും അഞ്ചുവയസ്സുള്ള മകനെയും ഉപേക്ഷിച്ച് സുഹൃത്തിനൊപ്പം പോയി
കരുനാഗപ്പള്ളി: അഞ്ചുവയസ്സുകാരനെയും രണ്ടുമാസംമാത്രം പ്രായമുള്ള കുഞ്ഞിനെയും ഉപേക്ഷിച്ച് സുഹൃത്തിനൊപ്പം പോയ യുവതി പോലീസിന്റെ പിടിയിലായി. തഴവ കടത്തൂര്‍ സ്വദേശിയായ 25-കാരിയാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. പുനലൂര്‍ പിറവന്തൂര്‍ സ്വദേശിയായ സുഹൃത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: കഴിഞ്ഞ 13-നാണ് യുവതി കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് സുഹൃത്തിനൊപ്പം പോയത്. മകളെ കാണാനില്ലെന്നു കാണിച്ച് അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കരുനാഗപ്പള്ളി പോലീസ് കേസെടുത്തു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് യുവതിയെയും സുഹൃത്തിനെയും കണ്ടെത്തി അറസ്റ്റ് ചെയ്തത്.
കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ ബാധ്യസ്ഥയായ യുവതി അവരെ ഉപേക്ഷിച്ചു പോയതിന് ബാലനീതി നിയമപ്രകാരമാണ് കേസെടുത്തത്. കരുനാഗപ്പള്ളി പോലീസ് ഇന്‍സ്‌പെക്ടര്‍ വി.ബിജുവിന്റെ നേതൃത്വത്തില്‍ എസ്.ഐ.മാരായ കുരുവിള, റഹിം, എസ്.സി.പി.ഒ. ഗ്രീഷ്മ എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.