കരുനാഗപ്പള്ളി പോലീസിന്റെ അനാസ്ഥ: ഗതാഗതകുരുക്ക്, മരണം
രഞ്ജിത്ത് രാജതുളസി
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി പോലീസ് സ്റ്റേഷന്റെ മൂഖിൻ തുമ്പുമുതൽ ലാലാജി ജങ്ഷൻ വരെയുള്ള ഭാഗത്ത് ദിവസവും മണിക്കൂറുകളോളം ഗതാഗത കുരുക്കുണ്ടായാലും പോലീസ് തിരിഞ്ഞു നോക്കില്ല പത്തോളം ഹോം ഗാർഡും 60 പോലീസുകാരുമുള്ള കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥരും ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ ഇറങ്ങില്ല. ഹൈസ്കൂൾ ജംഗ്ഷനിലും കെഎസ്ആർടിസി ജംഗ്ഷനിലും മാത്രമാണ് ഹോം ഗാർഡുകൾ ഡ്യൂട്ടി ചെയ്യുന്നത്. ഹൈവൈ വികസനം നടക്കുന്നതിനാൽ ലാലാജി ജംഗ്ഷൻ മുതൽ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷന് മുന്നിൽ വരെ ഒരു വാഹനം എത്തണമെങ്കിൽ കുറഞ്ഞത് 30 മുതൽ 45 മിനിറ്റ് വരെയാണ് വേണ്ടത്. രോഗികളുമായി വരുന്ന ആംബുലൻസിനു പോലും കടന്നുപോകാൻ കഴിയാത്ത രീതിയിലാണ് ഗതാഗതക്കുരുക്ക് ഉണ്ടാകുന്നത് ഈ വിവരം പോലീസ് സ്റ്റേഷനിൽ വിളിച്ചു പറഞ്ഞാൽ അവിടെ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലയെന്ന മറുപടിയാണ് ലഭിക്കുന്നത്. ലാലാജി ജംഗ്ഷനും പോലീസ് സ്റ്റേഷനും ഇടയിൽ ഗതാഗതക്കുരുക്കിൽപെട്ട അപകടത്തിൽ ഈ മാസം രണ്ടുപേരാണ് മരണപ്പെട്ടത്. രണ്ട് ജീവനുകൾ നഷ്ടപ്പെട്ടിട്ടും പോലീസ് ഗതാഗതകുരുക്ക് നിയന്ത്രിക്കാവുന്നതിനാവശ്യമായ ഒരു നടപടികളും സ്വീകരിക്കുന്നില്ല.
കൊല്ലം സിറ്റി കൺട്രോൾ റൂമിന്റെ ഭാഗമായുള്ള കൺട്രോൾ റൂം വാഹനവും കരുനാഗപ്പള്ളിയിലുണ്ട് ഈ വാഹനത്തിലെ ഉദ്യോഗസ്ഥർക്കും ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ അധികാരമുണ്ട് എന്നാൽ രാവിലെയും വൈകിട്ടും ചില ഭാഗങ്ങളിൽ വാഹനത്തിൽ കറങ്ങിയതിനു ശേഷം കരുനാഗപ്പള്ളി മാർക്കറ്റിന് സമീപമുള്ള സുപ്രീം ടവറിന് താഴെയും, പോലീസ് സ്റ്റേഷന് പടിഞ്ഞാറുവശമുള്ള ഖാൻസ് തീയേറ്ററിന് സമീപത്തും വാഹനം നിർത്തിയിട്ട് വിശ്രമിക്കുകയാണ് ചെയ്യുന്നത്. രാവിലെ എട്ടു മുതൽ 10 മണി വരെയും ഉച്ചക്ക് 12 മുതൽ 2 വരെ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിലെ വാഹനം ഘട്ടംഘട്ടമായി പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം എന്നിവ കഴിക്കുന്നതിനുവേണ്ടി കരുനാഗപ്പള്ളി കൃഷ്ണ തീയേറ്ററിന് സമീപം നിരവധി തവണയാണ് പോകുന്നത്. സ്റ്റേഷനിൽ നിന്നും 200 മീറ്റർ അകലെയുള്ള കടയിലേക്ക് പോകുന്നതിനും പോലീസുകാർക്ക് വ്യക്തിപരമായ കാര്യങ്ങൾക്ക് പോകണമെങ്കിലും ഔദ്യോഗിക വാഹനമാണ് ഉപയോഗിക്കുന്നത്.
ലാലാജി ജംഗ്ഷൻ, കെഎസ്ആർടിസി ജംഗ്ഷൻ, കരുനാഗപ്പള്ളി ജംഗ്ഷൻ, എന്നിവിടങ്ങളിലെ സിഗ്നൽ സംവിധാനം ഇപ്പോൾ പ്രവർത്തിക്കുന്നില്ല. മൂന്നും നാലും റോഡുകൾ സംഗമിക്കുന്ന ഈ ഭാഗത്ത് ഗതാഗതം നിയന്ത്രിക്കാൻ ഹോം ഗാർഡുകളെ നിയമിക്കേണ്ടതുണ്ട് എന്നാൽ ഹോം ഗാർഡുകൾ ഇപ്പോൾ സ്റ്റേഷൻ ജോലികളും ഡ്രൈവിംഗ് ജോലികളുമാണ് ചെയ്യുന്നത്.
മാളിയേക്കൽ റെയിൽവേ മേൽപാലത്തിന്റെ ജോലികൾ നടക്കുന്നതിനാൽ ശാസ്താംകോട്ട അടൂർ കൊട്ടാരക്കര ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ കരുനാഗപ്പള്ളി ആലുംമൂട് ജംഗ്ഷൻ വഴി കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ സമീപത്തു കൂടിയാണ് പോകുന്നത്. ദിവസവും ഇരു സൈഡിലേക്കുമായി 50 ഓളം തീവണ്ടികളാണ് കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ നിർത്തുന്നത് ഇതിന്റെ ഭാഗമായി റെയിൽവേ സ്റ്റേഷന് തെക്കുവശം ഉള്ള റെയിൽവേ ഗേറ്റ് മിക്ക സമയങ്ങളിലും അടച്ചിടും കിഴക്ക് നിന്ന് വരുന്ന വാഹനങ്ങൾ ഏതാണ്ട് ഇടക്കുളങ്ങരക്ഷേത്രം വരെയും കരുനാഗപ്പള്ളിയിൽ നിന്നും കിഴക്കോട്ട് പോകുന്ന വാഹനങ്ങൾ ആലുംമൂട് ജംഗ്ഷൻ വരെയും ഗതാഗതക്കുരുക്കിൽപെടാറുണ്ട്, രോഗികളുമായി വരുന്ന വാഹനങ്ങളും റെയിൽവേ സ്റ്റേഷനിലെത്തിയാത്ര ചെയ്യേണ്ടവരും ഈ കുരുക്കിൽപെടുന്നത് സ്ഥിരം കാഴ്ചയാണ്. റെയിൽവേ സ്റ്റേഷൻ സമീപത്തെ ഗതാഗതക്കുരുക്കുമായി ബന്ധപ്പെട്ട പോലീസിനെ വിളിച്ചാൽ റെയിൽവേ ഓവർ ബ്രിഡ്ജ് പണിയുന്നവരാണ് അവിടുത്തെ ഗതാഗത നിയന്ത്രിക്കേണ്ടത് എന്ന മറുപടിയാണ് ലഭിക്കുന്നത്.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പോലീസുകാരാണ് ഗതാഗതക്കുരുക്കിൽ ജീവനുകൾ നഷ്ടമാകുന്നത് നോക്കിനിൽക്കുന്നത്.
ഫോൺ പ്രവർത്തിക്കുന്നില്ല
കേരളത്തിലെ പ്രധാനപ്പെട്ട പോലീസ് സ്റ്റേഷനുകളിൽ ഒന്നായ കരുനാഗപ്പള്ളി പോലീസ് സ്റ്റഷനിലെ ഫോൺ തകരാറിലായിട്ട് മാസങ്ങൾ ആയിട്ടും തകരാർ പരിഹരിക്കാനാവശ്യമായ ഒരു നടപടിയുമുണ്ടായിട്ടില്ല ദിവസവും നിരവധി തവണ കരുനാഗപ്പള്ളി ഗവൺമെന്റ് ഹോസ്പിറ്റലിൽ പോകുന്ന പോലീസുകാർക്ക് തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ടെലഫോൺ എക്സ്ചേഞ്ച് പോയി തകരാറ് വിവരം അറിയിച്ചു പ്രശ്നം പരിഹരിക്കാവുന്നതാണ് എന്നാൽ ഇതിനാവശ്യമായ ഒരു നടപടിയും പോലീസിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല