കരുനാഗപ്പള്ളി അഗ്നിരക്ഷാനിലയം; ഫെബ്രുവരി 20ന് മുഖ്യമന്ത്രി ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്യും.
കരുനാഗപ്പള്ളി: വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമം കരുനാഗപ്പള്ളി അഗ്നിരക്ഷാ നിലയം ഫെബ്രുവരി 20ന് മുഖ്യമന്ത്രി ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്യും. സംസ്ഥാന സർക്കാരിന്റെ 2018-19 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 3.70 കോടി രൂപ ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചത്. സ്വന്തമായി സ്ഥലമില്ലാത്തതായിരുന്നു കെട്ടിടം നിർമ്മിക്കുന്നതിനു ഇത്രയും കാലം തടസ്സമുണ്ടായത്. 2019 ജനുവരിയിൽ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനോട് ചേർന്നുള്ള സ്ഥലം കൈമാറി കിട്ടിയതോടെ പുതിയ അഗ്നിരക്ഷാ നിലയം അവിടെ നിർമ്മിക്കാൻ തീരുമാനിച്ചു. അന്നത്തെ എംഎൽഎ, ആർ. രാമചന്ദ്രന്റെ ശ്രമഫലമായാണ് ആഭ്യന്തരവകുപ്പിൽ നിന്നും സ്ഥലം ലഭ്യമായത്
2021ൽ നിർമ്മാണം തുടങ്ങിയ കെട്ടിടത്തിന്റെ നിർമ്മാണം കഴിഞ്ഞ നവംബറിൽ പൂർത്തീകരിച്ചു. അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ലായിരുന്ന ചെറിയ ഷെഡ്ഡിലായിരുന്നു 1998 മുതൽ നിലയം പ്രവർത്തിക്കുന്നത്. ആറു വാഹനങ്ങളാണ് കരുനാഗപ്പള്ളി അഗ്നിരക്ഷാ നിലയത്തിനുള്ളത്. ഓഫീസ് റൂം, സ്റ്റോർ റും, മെക്കാനിക്കൽ റൂം, സ്മാർട്ട് ക്ലാസ് റൂം, ലൈബ്രറി,റീഡിങ് റൂം, ഭൂഗർഭ ടാങ്ക്, കുഴൽക്കിണർ, ഗ്യാരേജ്, ഓവർ ഹെഡ് ടാങ്ക്, വനിതാ ജീവനക്കാർക്ക് വിശ്രമമുറി, തുടങ്ങിയ സൗകര്യങ്ങളാണ് പുതിയ കെട്ടിടത്തിലുള്ളത്