കരുനാഗപ്പള്ളി മിനി സിവിൽ സ്റ്റേഷന് ബലക്ഷയം.13 ഓഫീസ് മാറ്റാൻ നിർദേശം
കരുനാഗപ്പള്ളി : മിനി സിവിൽ സ്റ്റേഷന് ബലക്ഷയം. സിവിൽ സ്റ്റേഷന്റെ വടക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിനാണു നിലവിൽ ബലക്ഷയം ഉണ്ടെന്ന് പരിശോധനയിൽ കണ്ടെത്തിയത്. കെഎച്ച് ആർഐ ടെക്നിക്കൽ ടീം നടത്തിയ പരിശോധനയിലാണ് കെട്ടിടത്തിന് വിള്ളലുകൾ സംഭവിച്ചതായും ഇനി ഒരു അറ്റകുറ്റപ്പണി നടത്താൻ സാധിക്കില്ലെന്നും കണ്ടെത്തിയത്. ഈ പരിശോധനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇവിടെ പ്രവർത്തിക്കുന്ന 13 ഓഫീസുകൾ ഉടൻ മാറ്റി സ്ഥാപിക്കണമെന്ന് ഓഫീസ് അധികാരികൾക്ക് നിർദ്ദേശം നൽകി താലൂക്ക് തഹസിൽദാർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് തഹസിൽദാരുടെ അധ്യക്ഷതയിൽ യോഗം ചേരുകയും ചെയ്തു. ജിഎസ്ടി ഓഫീസ്, എംപ്ലോയ്മെന്റ് ഓഫീസ്, കയർ ഓഫീസ്, റീസർവ്വേ ഓഫീസ്, കൃഷി ഓഫീസ്, ലേബർ ഓഫീസ്, ഇറിഗേഷൻ അസിസ്റ്റന്റ് ഓഫീസ്, എഇഒ ഓഫീസ്, സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ്, സബ് റജിസ്ട്രാർ ഓഫീസ്, താലൂക്ക് ലീഗൽ സർവീസ് സൊസൈറ്റി ഓഫീസ്, താലൂക്ക് വ്യവസായ വകുപ്പ് ഓഫീസ്, മൈനർ ഇറിഗേഷൻ അസിസ്റ്റന്റ് എൻജിനീയർ ഓഫീസ് എന്നീ ഓഫീസ് കൂടാതെ താലൂക്ക് ഓഫീസിലെ ചില സെക്യഷനുകളും വില്ലേജ് ഓഫീസും പ്രവർത്തിക്കുന്നത് ഈ കെട്ടിടങ്ങളിലാണ്. ഇത്രയും ഓഫീസുകളാണ് അടിയന്തിരമായി മാറ്റാൻ നിർദ്ദേശം നൽകിയിരിക്കുന്നത്. ജില്ലാ കലക്ടറെ കൂടെ കെട്ടിടത്തിന്റെ അവസ്ഥ നേരിൽ കണ്ട് അറിയിച്ച ശേഷം പ്രതികരിക്കാമെന്ന് തഹസിൽദാരും എസ്റ്റേറ്റ് ഓഫീസർ കൂടിയായ ആർ.ശുശീല പറഞ്ഞു.
