മുഖ്യമന്ത്രി സിദ്ധരാമയ്യയോട് കർണാടകയിലും വേണം ‘ഹേമ കമ്മിറ്റി എന്ന് വനിതാ കമ്മിഷൻ.
ബെംഗളൂരു ∙ ചലച്ചിത്ര മേഖലയിൽ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾ സംബന്ധിച്ച് കേരളത്തിലെ ഹേമ കമ്മിറ്റി മാതൃകയിൽ സമിതി രൂപീകരിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യയോട് വനിതാ കമ്മിഷൻ അഭ്യർഥിച്ചു. സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാനും പരിഹരിക്കാനും സ്ഥിരം സംവിധാനം വേണമെന്ന് കമ്മിഷൻ അധ്യക്ഷ നാഗലക്ഷ്മി ചൗധരി ആവശ്യപ്പെട്ടു.
പരാതി പരിഹാര സമിതി രൂപീകരണം സംബന്ധിച്ച നിർദേശങ്ങൾ 15 ദിവസത്തിനുള്ളിൽ സമർപ്പിക്കാൻ കമ്മിഷൻ കർണാടക ഫിലിം ചേംബർ കൊമേഴ്സിനോട് ആവശ്യപ്പെട്ടിരുന്നു. വനിതാ കമ്മിഷന്റെ നിർദേശപ്രകാരം സംവിധായിക കവിത ലങ്കേഷിന്റെ നേതൃത്വത്തിലുള്ള സംഘം ഫിലിം ചേംബർ പ്രസിഡന്റ് എൻ.എം.സുരേഷുമായി ചർച്ച നടത്തി. ചലച്ചിത്രമേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ തെളിവുകൾ സഹിതം നൽകിയിട്ടും നടപടികൾ സ്വീകരിക്കാൻ ചേംബർ ഉൾപ്പെടെയുള്ളവർ തയാറാകുന്നില്ലെന്ന് കവിത ആരോപിച്ചു.