2014ലെ എസ്‌സി/എസ്ടി ആക്‌ട് കേസിൽ 99 പ്രതികൾക്ക് ജാമ്യം
കർണ്ണാടക: സംസ്ഥാനത്തെ മരകുമ്പി ഗ്രാമത്തിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്കെതിരായ അതിക്രമം സംബന്ധിച്ച ഒരു ദശാബ്ദത്തോളം പഴക്കമുള്ള കേസിൽ 101 പേർ കുറ്റക്കാരാണെന്ന് പ്രാദേശിക കോടതി ശിക്ഷിച്ച് ഒരു മാസത്തിനുള്ളിൽ, കർണാടക ഹൈക്കോടതി ശിക്ഷ സസ്‌പെൻഡ് ചെയ്യുകയും 99 പ്രതികൾക്ക് ജാമ്യം അനുവദിക്കുകയും ചെയ്തു.
ബുധനാഴ്ച, കർണാടക ഹൈക്കോടതിയുടെ ധാരാവാഡ് ബെഞ്ചിലെ ജസ്റ്റിസുമാരായ ശ്രീനിവാസ് ഹരീഷ് കുമാറും ടിജി ശിവശങ്കരഗൗഡയും 99 പ്രതികൾക്കുള്ള ശിക്ഷ താൽക്കാലികമായി നിർത്തിവയ്ക്കുകയും ഒരു ലക്ഷം രൂപ വീതം പിഴയിന്മേൽ ജാമ്യം അനുവദിക്കുകയും ചെയ്തു.10 വർഷം നീണ്ടുനിന്ന കേസിൽ വിചാരണ വേളയിൽ 99 പ്രതികളും ജാമ്യത്തിലാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.
അത്തരം കാലയളവിൽ, അവരാരും കേസിൻ്റെ വിചാരണയെയോ ഇരകളെയോ ബാധിക്കുന്ന ഒരു പ്രവർത്തനത്തിലും ഏർപ്പെട്ടിട്ടില്ല, കോടതി ചൂണ്ടിക്കാട്ടി.
പ്രതികൾക്ക് ജാമ്യം അനുവദിക്കുമ്പോൾ, ഗ്രാമത്തിൽ ഇരകളും പ്രതികളും സംഭവിച്ചത് വളരെക്കാലമായി മറന്ന് ഇപ്പോൾ “സമാധാനപരമായ ജീവിതം” നയിക്കുന്നുവെന്ന അപേക്ഷകർക്ക് വേണ്ടിയുള്ള അഭിഭാഷകൻ നൽകിയ വാദവും ഹൈക്കോടതി ശ്രദ്ധിച്ചു.
2014 ഓഗസ്റ്റ് 28 ന് കർണാടകയിലെ കൊപ്പൽ ജില്ലയിലെ ഗംഗാവതി താലൂക്കിലെ മരകുമ്പി ഗ്രാമത്തിൽ ഹെയർ ഡ്രസ്സിംഗ് സലൂണുകളിലും ഹോട്ടലുകളിലും ചില ദലിതർക്ക് പ്രവേശനം നിഷേധിച്ചതിനെ ചോദ്യം
ചെയ്‌തതിൻ്റെ പേരിലാണ് അക്രമം നടക്കുന്നത്.ആ ദിവസം, ഗ്രാമത്തിലെ ഉയർന്ന ജാതിക്കാർ ഇഷ്ടികകളും കല്ലുകളും വടികളും ഉപയോഗിച്ച് സ്ത്രീകളേയും കുട്ടികളെയും പ്രായമായവരുമടക്കം എല്ലാ ദളിത് നിവാസികളെയും മർദ്ദിക്കുകയും അവരുടെ വീടുകൾക്ക് തീയിടുകയും ചെയ്തു.
ഈ വർഷം ഒക്ടോബർ 25 ന്, കൊപ്പലിലെ പ്രിൻസിപ്പൽ ഡിസ്ട്രിക്ട് & സെഷൻസ് കോടതി കേസിലെ 117 പ്രതികളിൽ 101 പേർ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും 98 പേർക്ക് ജീവപര്യന്തം തടവ് ശിക്ഷയും വിധിച്ചിരുന്നു.