പിതൃസ്‌മരണയില്‍ നാടും നഗരവും : ഇന്ന് കര്‍ക്കടക വാവുബലി

0
ramgiri

തിരുവനന്തപുരം/ മുംബൈ : പിതൃ സ്‌മരണയില്‍ ഇന്ന് കര്‍ക്കടക വാവുബലി.  ആയിരക്കണക്കിന് ഹിന്ദുമത വിശ്വാസികൾ വിവിധ ഇടങ്ങളിൽ വാവുബലി ആചരിച്ചുകൊണ്ടിരിക്കുന്നു.. മഴ തുടരുന്ന സാഹചര്യത്തില്‍  തർപ്പണ കേന്ദ്രങ്ങളിൽ കൂടുതല്‍ സുരക്ഷാക്രമീകരണങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്.

പ്രധാന ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കുന്ന സ്ഥലങ്ങളായ ആലുവ മണപ്പുറം, തിരുവല്ലം പരുശുരാമ ക്ഷേത്രം, വർക്കല പാപനാശം എന്നിവടങ്ങളിലാണ് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഇതിന് പുറമേ ക്ഷേത്രങ്ങളിലും സ്‌നാനഘട്ടങ്ങളിലും ബലി തർപ്പണം നടക്കും.കേരളത്തിന് പുറത്ത് വസിക്കുന്ന മലയാളികളും ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചും അല്ലാതെയും പിതൃ സ്‌മരണയില്‍ ഇന്ന് കര്‍ക്കടക വാവുബലി ആചരിക്കുന്നുണ്ട് .

മുംബൈയിൽ ആയിരകണക്കിന് വിശ്വാസികൾ ബലി തർപ്പണത്തിനായി എത്തിച്ചേരുന്നത് നെരൂൾ ‘ഗുരുദേവഗിരി’യിലാണ് ഇത് സംഘടിപ്പിക്കുന്നത് ശ്രീനാരായണ മന്ദിരസമിതിയാണ് .വിവിധ ക്ഷേത്രങ്ങളുടെ നേതൃത്തത്തിലും നടക്കുന്നുണ്ട് . ബദലാപൂർ രാമഗിരി ആശ്രമത്തിലും നാനാഭാഗത്തുനിന്നുമുള്ള നിരവധി മലയാളികൾ ബലി തർപ്പണത്തിനായി എത്തിച്ചേരുന്നു.

പൂജാവിധികളും ആചാരങ്ങളും കൃത്യമായ ചിട്ടയോട് കൂടി നടക്കുന്ന ആചാര ക്രിയയാണ് ഇത്. സാധാരണയായി നദിക്കരകളിലോ ക്ഷേത്രങ്ങളിലോ പ്രത്യേകമായി തയ്യാറാക്കിയ ബലിത്തറകളിലോ ആണ് തർപ്പണം നടത്താറുള്ളതെങ്കിലും സ്വന്തം വീട്ടുമുറ്റത്ത് ബലിയിടുന്നവരുമുണ്ട്.

കർക്കിടക മാസത്തിലെ കറുത്തവാവ് ദിനം പിതൃക്കൾക്കായി നടത്തുന്ന ശ്രാദ്ധകർമ്മമാണ് കർക്കിടക വാവുബലി അഥവാ പിതൃതർപ്പണം. മൺമറഞ്ഞ പൂർവികരുടെ ആത്മാക്കൾക്ക് മോക്ഷം ലഭിക്കുന്നതിനും അവരുടെ അനുഗ്രഹം നേടുന്നതിനും വേണ്ടിയാണ് ഈ കർമം അനുഷ്ഠിക്കുന്നത് എന്നാണ് വിശ്വാസം. എല്ലാ മാസവും അമാവാസി ദിനത്തിൽ ബലിതർപ്പണം നടത്താമെങ്കിലും രാമായണ മാസമായ കർക്കിടകത്തിലെ വാവുബലിക്ക് പ്രത്യേക പ്രാധാന്യമുണ്ട്.

 

 

വ്രതം: ബലിതർപ്പണത്തിന് 48 മണിക്കൂർ മുൻപ് മുതൽ മനസും ശരീരവും ശുദ്ധമായിരിക്കണം. ഈ വ്രതത്തെ “ഒരിക്കൽ” എന്ന് പറയുന്നു. മത്സ്യമാംസാദികൾ, മദ്യം, പഴകിയതും ചൂടാറിയതുമായ ഭക്ഷണം എന്നിവ വർജ്ജിക്കണം.

പൂജാദ്രവ്യങ്ങൾ: എള്ള്, ഉണക്കലരി, പൂക്കൾ, ജലം, ദർഭപ്പുല്ല് എന്നിവയാണ് പ്രധാന പൂജാദ്രവ്യങ്ങൾ.

കർമങ്ങൾ: ശുദ്ധമായ ഒരു വാഴയില വെച്ച് അതിന് മുകളിൽ ദർഭപ്പുല്ല് വെക്കുക. പിണ്ഡത്തിൽ നിന്ന് പിതൃക്കളെ സങ്കൽപ്പിച്ച് സമർപ്പിക്കുക. പിണ്ഡത്തിന് മുകളിൽ മൂന്ന് പ്രാവശ്യമായി ചൂണ്ടുവിരലിലൂടെ എള്ളും വെള്ളവും നൽകുക. പിന്നീട് തുളസിയും വെള്ളവും മൂന്ന് വട്ടം പിണ്ഡത്തിന് മുകളിൽ വെക്കുക. ശേഷം പിണ്ഡം സമർപ്പിച്ച് എഴുന്നേറ്റ് ഇടത്തോട്ട് മൂന്ന് പ്രദക്ഷിണം വെക്കുക. ഈ പിണ്ഡം പിന്നീട് പുണ്യനദികളിലോ ജലാശയങ്ങളിലോ ഒഴുക്കിവിടുന്നു. ബലികർമ്മം പൂർത്തിയാക്കിയ ശേഷം കൈയ്യിലെ പവിത്രം ഊരി നദിയിൽ ഒഴുക്കി വിടണം.

പിതൃദോഷം: കാരണങ്ങളും ഫലങ്ങളും പരിഹാരങ്ങളും

ജ്യോതിഷപ്രകാരം ദോഷങ്ങളിൽ വെച്ച് ഏറ്റവും വലുതാണ് പിതൃദോഷം എന്നാണ് വിശ്വാസം. പൂർവ്വികരുടെ അനുഗ്രഹം ഇല്ലാത്ത അവസ്ഥയാണിത്. ഇത് കുടുംബത്തിലെ എല്ലാവരെയും ബാധിക്കാം, തലമുറകളോളം നീണ്ടുനിൽക്കുന്ന ദോഷങ്ങളുണ്ടാവാം എന്നാണ് വിശ്വാസം.

പിതൃദോഷത്തിനുള്ള കാരണങ്ങൾ (വിശ്വാസമനുസരിച്ച്)

വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കാതിരിക്കുകയോ അവരോട് ക്രൂരമായി പെരുമാറുകയോ ചെയ്യുക.

മറ്റുള്ളവരുടെ വാക്ക് കേട്ട് മാതാപിതാക്കളെ ശ്രദ്ധിക്കാതിരിക്കുക.

അവർക്ക് ഭക്ഷണം നൽകാതിരിക്കുകയോ മനസിനെ നിരന്തരം വിഷമിപ്പിക്കുകയോ ചെയ്യുക.

മരണാനന്തര ശ്രാദ്ധകർമ്മങ്ങൾ വേണ്ടവിധം അനുഷ്ഠിക്കാതിരിക്കുക.

പിതൃദോഷത്തിൻ്റെ ഫലങ്ങൾ (വിശ്വാസമനുസരിച്ച്)

സന്താനദുരിതം: സന്താനങ്ങൾ ഉണ്ടാകാതിരിക്കുക, അല്പായുസ്സായിപ്പോകുക, ബുദ്ധിഭ്രമം അഥവാ ബുദ്ധിമാന്ദ്യമുള്ള കുട്ടികൾ ജനിക്കുക.

വിവാഹം നടക്കാതിരിക്കുക.

കുടുംബത്തിൽ എപ്പോഴും വഴക്കുകൾ ഉണ്ടാകുക.

സാമ്പത്തിക ക്ലേശങ്ങൾ.

പരിഹാര മാർഗങ്ങൾ (വിശ്വാസമനുസരിച്ച്)

പിതൃകർമങ്ങൾ വേണ്ടവിധം അനുഷ്ഠിക്കുക.

ജീവിച്ചിരിക്കുമ്പോൾ മാതാപിതാക്കളെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുക.

പിതൃമോക്ഷത്തിനായി ശ്രാദ്ധകർമ്മങ്ങൾ, തിലഹോമം, പിതൃപൂജ എന്നിവ നടത്തുക.

ക്ഷേത്രങ്ങളിൽ അന്നദാനം നടത്തുക, പാവപ്പെട്ടവർക്ക് വസ്ത്രങ്ങളും ആഹാരവും ദക്ഷിണയും നൽകുക.

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *