കാരിച്ചാൽ കരുത്തൻ ; പതിനാറു നെഹ്‌റു ട്രോഫികളുടെ വെള്ളിത്തിളക്കം
ആലപ്പുഴ∙ 1970 ൽ നീറ്റിലിറങ്ങിയ കാരിച്ചാൽ ഇതുവരെ രണ്ടു ഹാട്രിക് അടക്കം 16 നെഹ്റു ട്രോഫികൾ നേടിയിട്ടുണ്ട്. 1974ൽ എഫ്ബിസി ചെന്നങ്കരിയിലൂടെ ആദ്യ ജയം. 75 ലും എഫ്ബിസിയിലൂടെ ജേതാവായി. 1976 ൽ യുബിസി കൈനകരി തുഴഞ്ഞ് ആദ്യ ഹാട്രിക് വിജയം. 1980 ൽ പുല്ലങ്ങടി ബോട്ട് ക്ലബ് വള്ളത്തിന് നാലാം കിരീടം നേടിക്കൊടുത്തു. 1982-84 കാലത്ത് കുമരകം ബോട്ട് ക്ലബ് നെല്ലാനിക്കൽ പാപ്പച്ചൻ എന്ന ക്യാപ്റ്റന്റെ നേതൃത്വത്തിൽ കാരിച്ചാലിന് രണ്ടാം ഹാട്രിക്കും നേടിക്കൊടുത്തു.
വില്ലേജ് ബോട്ട് കൈനകരിയുടെ കരുത്തിൽ 1986 ലും 87 ലും ജയിച്ച കാരിച്ചാലിന് പിന്നീട് ഒരു കിരീടം കിട്ടാൻ 12 വർഷം കാത്തിരിക്കേണ്ടി വന്നു.
2000 ൽ ആലപ്പി ബോട്ട് ക്ലബും 2001 ൽ എഫ്ബിസി യും 2003 ൽ നവജീവൻ ബോട്ട് ക്ലബും 2008 ൽ കൊല്ലം ജീസസ് ബോട്ട് ക്ലബും വള്ളത്തെ ജേതാവാക്കി.
കൈനകരി ഫ്രീഡം ബോട്ട് ക്ലബ് തുഴഞ്ഞ 2011 ലെ വിജയം കോടതി വഴി നിയമയുദ്ധത്തിലൂടെയായിരുന്നു എങ്കിൽ, 2016 ൽ കുമരകം വേമ്പനാട് ബോട്ട് ക്ലബ് കാരിച്ചാലിന് നേടിക്കൊടുത്തത് വള്ളപ്പാട് വിജയമായിരുന്നു.
ഇപ്പോഴിതാ തുടരെ അഞ്ച് നെഹ്റു ട്രോഫി വിജയങ്ങൾ കൊയ്ത പള്ളാത്തുരുത്തി ബോട്ട് ക്ലബ് കാരിച്ചാലിന് നേടിക്കൊടുത്തത് പതിനാറാമത് കിരീടമാണ്. ഒരുപക്ഷെ ഇനിയൊരു വള്ളത്തിനും എത്തിപ്പിടിക്കാനാവാത്ത നേട്ടം.