കാന്തപുരത്തിൻ്റെ ഇടപെടൽ നിർണ്ണായകമായി : നിമിഷപ്രിയയുടെ വധശിക്ഷ റദ്ദുചെയ്യാൻ ധാരണ

എറണാകുളം: യെമനിൽ വധശിക്ഷ കാത്ത് കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണയായതായി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ ഓഫീസ് അറിയിച്ചു. നിമിഷ പ്രിയയുടെ മോചനത്തിനായി പ്രവർത്തിക്കുന്ന ആക്ഷൻ കൗൺസിൽ ലീഗൽ അഡ്വൈസർ അഡ്വ. സുഭാഷ് ചന്ദ്രൻ ഇക്കാര്യം സ്ഥിരീകരിച്ചു. തുടർ ചർച്ചകളുടെ അടിസ്ഥാനത്തിലായിരിക്കും ഇനിയുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനം.
കാന്തപുരത്തിൻ്റെ ആവശ്യപ്രകാരം ശൈഖ് ഉമർ ഹഫീള് നിയോഗിച്ച യെമൻ പണ്ഡിത സംഘം, നോർത്തേൺ യെമനിലെ ഭരണാധികാരികൾ, അന്താരാഷ്ട്ര നയതന്ത്ര ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത മധ്യസ്ഥ ചർച്ചകളിലാണ് നിർണായക തീരുമാനമുണ്ടായത്. കൊല്ലപ്പെട്ട തലാലിൻ്റെ കുടുംബവുമായുള്ള ചർച്ചകൾ തുടരും. ഈ ചർച്ചകളിലായിരിക്കും ദിയാധനം (രക്തപ്പണം) ഉൾപ്പെടെയുള്ള മറ്റു കാര്യങ്ങൾ തീരുമാനിക്കുക.
നേരത്തെ ജൂലൈ 16-ന് നിശ്ചയിച്ച വധശിക്ഷ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ ഇടപെടലിനെ തുടർന്ന് താൽക്കാലികമായി നീട്ടിവച്ചിരുന്നു. ഇത് നിമിഷ പ്രിയയുടെ കുടുംബത്തിനും മലയാളികൾക്കും വലിയ ആശ്വാസമാണ് നൽകിയത്. ഇതിനു പിന്നാലെയാണ് കൂടുതൽ ആശ്വാസം നൽകുന്ന വാർത്തയെത്തിയത്.വധശിക്ഷ റദ്ദാക്കാൻ ധാരണയായെന്ന വാർത്തയെ തള്ളാതെയും, തൻ്റെ സഹോദരന് നീതി ലഭിക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നതായും കൊല്ലപ്പെട്ട തലാലിൻ്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി പ്രതികരിച്ചു. വധശിക്ഷ ഒഴിവാക്കാൻ തലാലിൻ്റെ കുടുംബത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികൾ സമ്മതിച്ചതോടെയാണ് ഇത് സാധ്യമായതെന്നാണ് സൂചന.കൊല്ലപ്പെട്ട തലാലിൻ്റെ അടുത്ത ബന്ധുക്കൾ, ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസ്, യെമൻ ശൂറാ കൗൺസിലിൻ്റെ പ്രതിനിധിയും സൂഫി പണ്ഡിതനുമായ ഹബീബ് ഉമറിൻ്റെ നിർദേശപ്രകാരം തലാലിൻ്റെ കുടുംബവുമായി നേരത്തെ ചർച്ച നടത്തിയിരുന്നു. ഹബീബ് ഉമറിൻ്റെ പ്രതിനിധി കുടുംബത്തെ അനുനയിപ്പിക്കുന്നതോടൊപ്പം അറ്റോണി ജനറലുമായി കൂടിക്കാഴ്ച നടത്തിയാണ് കഴിഞ്ഞ 16-ന് നടത്താൻ നിശ്ചയിച്ച വധശിക്ഷ മാറ്റി വച്ചത്.
2017-ലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷ പ്രിയക്കെതിരെയുള്ള കേസിന് ആസ്പദമായ സംഭവം നടന്നത്. യെമൻ സ്വദേശിയായ തലാൽ അബ്ദുൽ മഹ്ദി എന്നയാളെ കൊലപ്പെടുത്തിയെന്നതാണ് കേസ്. താൻ നടത്തിയിരുന്ന ക്ലിനിക്കിലെ ജീവനക്കാരിയായിരുന്നു നിമിഷ പ്രിയ. നിമിഷ പ്രിയയെ ലൈംഗികമായി ചൂഷണം ചെയ്യുകയും പാസ്പോർട്ട് പിടിച്ചുവെക്കുകയും ചെയ്ത തലാലിനെ മയക്കുമരുന്ന് കുത്തിവെച്ച് കൊലപ്പെടുത്തി മൃതദേഹം ഒളിപ്പിക്കുകയായിരുന്നു എന്നാണ് കേസ്.