കണ്ണൂരില്‍ ആറിടത്ത് എതിരില്ലാതെ എല്‍ഡിഎഫ്
കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിന്റെ പത്രിക സമര്‍പ്പണം പൂര്‍ത്തിയായപ്പോള്‍ കണ്ണൂര്‍ ജില്ലയില്‍ ആറിടത്ത് എല്‍ഡിഎഫിന് വിജയം. ആന്തൂര്‍ നഗരസഭയിലെ രണ്ടിടത്തും മലപ്പട്ടം, കണ്ണിപുരം ഗ്രാമപഞ്ചായത്തുകളിലെ രണ്ടിടത്തുമാണ് സിപിഎം സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ ജയിച്ചത്. പത്രിക സമര്‍പ്പിക്കേണ്ട അവസാന സമയമായ വെള്ളിയാഴ്ച, വൈകിട്ടുവരെ ആറിടത്തും മറ്റാരും പത്രിക നല്‍കിയില്ല. പത്രിക പിന്‍വലിക്കുന്ന സമയം കഴിയുന്നതോടെ ഇവരെ വിജയികളായി പ്രഖ്യാപിക്കും.ആന്തൂര്‍ നഗരസഭയില്‍ നിലവില്‍ എല്‍ഡിഎഫിന് പ്രതിപക്ഷമില്ലാത്ത സാഹചര്യമാണുള്ളത്.
മോറാഴ വാര്‍ഡില്‍ കെ രജിതയും പൊടിക്കുണ്ട് വാര്‍ഡില്‍ കെ പ്രേമരാജനുമാണ് എതിരില്ലാതെ വിജയിച്ചത്. ആന്തൂർ നഗരസഭ പിറവിയെടുത്ത 2015-ലെ ആദ്യ തെരഞ്ഞെടുപ്പിൽ ആകെയുള്ള 28 വാർഡിൽ 14-ലും എൽഡിഎഫ് എതിരില്ലാതെ വിജയം നേടിയിരുന്നു. 2020-ൽ അത് ആറിൽ ഒതുങ്ങി.വോട്ടിങ് തുടങ്ങും മുന്‍പേ ആറ് സീറ്റുകളില്‍ എതിരില്ലാത്ത വിജയം നേടാനായത് എല്‍ഡിഎഫ് പക്ഷത്തിന് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്. കണ്ണൂര്‍ ജില്ലയില്‍ എല്‍ഡിഎഫ് പതിവായി നേടുന്ന എതിരില്ലാത്ത വിജയം ഇക്കുറിയും തുടരുമെന്നാണ് വിലയിരുത്തല്‍.
