കണ്ണൂരും കോഴിക്കോടും തെരുവുനായ ആക്രമണം

കണ്ണൂർ: കണ്ണൂർ, കോഴിക്കോട്, ജില്ലകളിലായി തെരുവുനായയുടെ ആക്രമണം രൂക്ഷമാകുന്നു. കണ്ണൂർ പാനൂർ കൈവേലിക്കലിൽ രണ്ടു പേരെയാണ് തെരുവുനായ കടിച്ചത്. കൈവേലിക്കൽ സ്വദേശികളായ ചഞ്ചന, കുമാരൻ എന്നിവർക്കാണ് കടിയേറ്റത്. ഇന്ന് വൈകിട്ട് 7 മണിയോടെയാണ് ആക്രമണം നടന്നത്. വാണിവിലാസം എൽപി സ്കൂൾ പരിസരത്ത് വെച്ചാണ് ഇവരെ രണ്ടുപേരെയും തെരുവുനായ കടിച്ചത്. ഇരുവരും ചികിത്സയിൽ തുടരുകയാണ്.
കോഴിക്കോട് തൊട്ടിൽപ്പാലത്തു തെരുവ് നായയുടെ ആക്രമണത്തിൽ രണ്ടു തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്കേറ്റു. വളയംകോടുമ്മൽ ശൈലജ, മാവിലപ്പാടി നാരായണി എന്നിവർക്കാണ് കടിയേറ്റത്. ഇരുവരെയും കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.