ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയ്ക്കു നേരെ രൂക്ഷ വിമര്‍ശനവുമായി സൈബർ ലോകം
‘സന്തോഷമായോ ഒരു ജീവനെടുത്തപ്പോൾ? മനുഷ്യനാകൂ എന്ന് പാടിയാൽ പോരാ…’: ദിവ്യയ്ക്കെതിരെ സൈബർലോകം
കണ്ണൂർ∙ എഡിഎം നവീൻ ബാബുവിനെ മരിച്ചനിലയിൽ കണ്ടെത്തിയതിനു പിന്നാലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയ്ക്കു നേരെ രൂക്ഷ വിമര്‍ശനവുമായി സൈബർ ലോകം. യാത്രയയപ്പ് യോഗത്തില്‍ തന്നെ വേണമായിരുന്നോ ഇത്തരത്തിലുള്ള ആക്ഷേപമെന്നും നിങ്ങള്‍ ക്ഷണിക്കാതെ അവിടെ ചെന്ന് എന്തെല്ലാമാണ് പറഞ്ഞതെന്നും ആളുകൾ ചോദിച്ചു. ദിവ്യയുടെ ഫെയ്സ്ബുക് പേജിലെ പോസ്റ്റുകൾക്കു താഴെ കമന്‍റുകളായാണ് ചോദ്യങ്ങൾ ഉയരുന്നത്.
‘‘വിളിക്കാത്ത പരിപാടിക്ക് കയറിച്ചെന്ന് ഉദ്യോഗസ്ഥനെ ഇത്രയധികം അപമാനിച്ച് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച ഇവർ കേരളത്തിന് അപമാനം, പൊതു രാഷ്ട്രീയ രംഗത്തിന് അപമാനം, സിപിഎം എന്ന പാർട്ടിക്ക് അപമാനം’’, ‘‘മനുഷ്യനാകൂ എന്ന് പാട്ട് പാടിയാൽ മാത്രം പോര.. മനുഷ്യനാവുകയെങ്കിലും ചെയ്യണം..നവീൻ ബാബുവിന്റെ ചോരയുടെ മണം ജീവിതകാലം മുഴുവനും നിങ്ങളെ പിന്തുടരട്ടെ..’’, ‘‘നിങ്ങൾക്ക് ഇപ്പോൾ സമാധാനം ആയല്ലോ അല്ലേ? നിങ്ങൾക്ക് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ അത് ഒഫിഷ്യൽ ആയി അധികാരികളെ അറിയിക്കണമായിരുന്നു, അല്ലാതെ ഒരു മനുഷ്യനെ അയാളുടെ യാത്രയയപ്പ് ചടങ്ങിനു വന്ന് അവഹേളിക്കുക അല്ല ചെയ്യണ്ടത്.’’, ‘‘ചേച്ചിക്ക് സന്തോഷമായോ ഒരു ജീവൻ എടുത്തപ്പോൾ? ക്ഷണിക്കപ്പെടാത്ത ഒരു പരിപാടിയിൽ പോയി അവിടെ ഇരിക്കുന്ന ആളെ കുറ്റപ്പെടുത്തിയപ്പോൾ കിട്ടിയത് മനസ്സിന് ഒരു സന്തോഷം പക്ഷേ പോയത് ഒരു ജീവൻ. അയാളുടെ ഭാഗത്ത് എന്തെങ്കിലും തെറ്റുണ്ടെങ്കിൽ നിയമപരമായ കാര്യങ്ങളാണ് ചെയ്യേണ്ടത് അല്ലാതെ പോയി പരസ്യമായി കുറ്റപ്പെടുത്തുകയല്ല വേണ്ടത്’’ – തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റുകൾക്ക് താഴെ വന്നിരിക്കുന്നത്.
കണ്ണൂർ പള്ളിക്കുന്നിലുള്ള ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ചനിലയിലാണ് നവീൻ ബാബുവിനെ കണ്ടെത്തിയത്. നവീനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഴിമതി ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് സംഭവം. കണ്ണൂരിൽനിന്നു സ്ഥലംമാറ്റം ലഭിച്ച് സ്വദേശമായ പത്തനംതിട്ടയിൽ അടുത്ത ദിവസം ജോലിയിൽ പ്രവേശിക്കേണ്ടതായിരുന്നു നവീൻ.
കണ്ണൂർ കലക്ടറേറ്റിൽ നടന്ന യാത്രയയപ്പ് ചടങ്ങിലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ എഡിഎമ്മിനെ രൂക്ഷമായി വിമർശിച്ചത്. യാത്രയയപ്പ് യോഗത്തിനു ശേഷം ഔദ്യോഗിക വാഹനത്തിൽ താമസസ്ഥലത്തേക്കു തിരിച്ച എഡിഎം വഴിയിൽ വണ്ടി നിർത്താൻ ആവശ്യപ്പെട്ട്, ഇറങ്ങിയെന്നാണ് ഡ്രൈവർ പറഞ്ഞത്. ഇന്നു പുലർച്ചെ പത്തനംതിട്ടയിൽ എത്തേണ്ട നവീൻ ബാബുവിനെ കാത്ത് ബന്ധുക്കൾ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിൽക്കുന്നുണ്ടായിരുന്നു. ട്രെയിൻ എത്തിയിട്ടും നവീൻ ബാബു ഇറങ്ങാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണു കണ്ണൂരിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.