കണ്ണൂരിൽ ഭീതി പടർത്തിയ കടുവയെ പിടികൂടി
കണ്ണൂര്‍: അടയ്ക്കാത്തോട് ജനവാസ മേഖലയിലിറങ്ങിയ കടുവയെ മയക്കുവെടി വെച്ച് പിടികൂടി. രണ്ടാഴ്ചയായി നാട്ടിലിറങ്ങി ഭീതി വിതച്ച കടുവയാണ് പിടിയിലായത്. വീട്ടുമുറ്റത്ത് അടക്കം കടുവ കറങ്ങി നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
അഞ്ചു ദിവസത്തെ പരിശ്രമത്തിനൊടുവിലാണ് വനംവകുപ്പ് കടുവയെ കൂട്ടിലാക്കുന്നത്. ഇന്നു വൈകീട്ട് നാലു മണിയോടെയാണ് കടുവ പിടിയിലാകുന്നത്. രണ്ടു വെറ്ററിനറി ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള വനംവകുപ്പ് ദൗത്യസംഘമാണ് കടുവയെ പിടികൂടിയത്. കഴിഞ്ഞ ദിവസം ജനവാസ മേഖലയിൽ കടുവയെ കണ്ടെത്തിയതോടെ നാട്ടുകാർ ചേർന്ന് വിവരം വനംവകുപ്പിനെ അറിയിച്ചിരുന്നു. തുടർന്ന് കാസർകോട് നിന്ന് പ്രത്യേക സംഘത്തെ എത്തിച്ച് പിടികൂടാൻ ശ്രമം നടത്തിയെങ്കിലും കടുവ രക്ഷപ്പെടുകയായിരുന്നു.
ഞായറാഴ്ച വനംവകുപ്പിന്റെ കണ്മുന്നില് നിന്നും കടന്നുകളഞ്ഞ കരിയങ്കാവിലെ റബര്‍ തോട്ടത്തില്‍ വെച്ചാണ് കടുവയെ കണ്ടത്. തുടര്‍ന്ന് കടുവയെ മറ്റൊരാളുടെ പറമ്പിലേക്ക് ഓടിച്ചു. പിന്നീട് കടുവയെ മയക്കുവെടി വെച്ച് പിടികൂടുകയായിരുന്നു. കടുവയെ കണ്ണവത്തേക്ക് കൊണ്ടുപോയി. കടുവയെ പിടികൂടാൻ സാധിക്കാതെ വന്നതോടെ അടയ്ക്കാത്തോടിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കടുവ വീട്ടുപരിസരങ്ങളിലും പറമ്പുകളിലുമെല്ലാം വന്ന് പോകുന്നുണ്ടായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു.