കണ്ണീരു തുടച്ച് വയനാട്, മലമേലേ തിരി വച്ച് ഇടുക്കി; പൂജാ അവധി ദിനങ്ങളിൽ കണ്ണുംനട്ട് ടൂറിസം വകുപ്പ്

0

‘‘വയനാടിന്റെ ഒരു പ്രത്യേക പ്രദേശത്താണ് ഉരുൾപൊട്ടൽ ഉണ്ടായത് എന്നത് ശ്രദ്ധിക്കേണ്ടതാണ്, മുഴുവൻ മേഖലയിലല്ല. വയനാട് അതിമനോഹരമായ വിനോദസഞ്ചാരകേന്ദ്രമായി തുടരുന്നു. അതിന്റെ എല്ലാ പ്രകൃതി മനോഹാരിതയോടെയും, ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യാൻ വയനാട് ഉടൻ തയാറാകും’’ – ടൂറിസ്റ്റുകളെ വയനാട്ടിലേക്ക് സ്വാഗതം ചെയ്ത് സമൂഹ മാധ്യമങ്ങളിലൂടെ രാഹുൽ ഗാന്ധി പുറത്തുവിട്ട വിഡിയോ സന്ദേശത്തിലെ വാക്കുകളാണിത്.ഈ പൂജാഅവധി ദിനങ്ങളിൽ സംസ്ഥാനത്തെ ടൂറിസം മേഖല വലിയ തോതിൽ ഉത്തരേന്ത്യൻ സഞ്ചാരികളെ പ്രതീക്ഷിക്കുന്നുണ്ട്. അതിൽ നല്ലൊരു പങ്കും വയനാട്ടിലേക്ക് എത്തുമെന്നാണ് അധികൃതരുടെ കണക്കുക്കൂട്ടൽ. ഇതിനായി ടൂറിസം വകുപ്പ് വിവിധ പരിപാടികളാണ് ജില്ലയിൽ ആസൂത്രണം ചെയ്തിട്ടുള്ളത്.

വരുമോ വരുമാനം?

2023 ലെ പൂജാ അവധിക്ക് നാലുദിവസം കൊണ്ട് 1,25,745 പേരാണ് വയനാട്ടിലെത്തിയത്. 81.58 ലക്ഷം രൂപയാണ് ലഭിച്ച വരുമാനം. ഇതിനു മുൻപുള്ള ഓണം, ക്രിസ്മസ് സീസണുകളിൽ 10 ദിവസം കൊണ്ട് നേടിയെടുത്ത നേട്ടമാണ് കഴിഞ്ഞ വർഷത്തെ പൂജാ അവധി ദിനങ്ങൾ മറികടന്നത്. അതിനാൽ‌ ഇത്തവണ ഒരു കോടി രൂപയിലേറെ വരുമാനം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലുകളുണ്ടായതിനാൽ അങ്ങനെയൊരു കുതിച്ചുചാട്ടം പ്രതീക്ഷിക്കുന്നില്ല. എന്നാൽ കഴിഞ്ഞ വർഷത്തെ വരുമാനത്തിനൊപ്പമെങ്കിലും ഇത്തവണയും എത്താൻ കഴിയുമെന്നാണ് കരുതുന്നത്. ഏറ്റവുമധികം സഞ്ചാരികൾ എത്തുന്നത് ബാണാസുര സാഗർ ഡാമിലാണ്. 24,269 സഞ്ചാരികളെത്തിയ പൂക്കോട് തടാകമാണ് ടൂറിസം വകുപ്പിന് കഴിഞ്ഞ വർഷം ഏറ്റവുമധികം വരുമാനം ജില്ലയിൽ നേടിക്കൊടുത്തത്.

15.50 ലക്ഷം രൂപയായിരുന്നു ഇവിടെ നിന്നുള്ള വരുമാനം. ഉരുൾപൊട്ടൽ ദുരന്തത്തിനു ശേഷം തകർന്ന വയനാടിന്റെ വിനോദസഞ്ചാര മേഖലയെ തിരിച്ചു കൊണ്ടുവരാൻ ലക്ഷ്യമിട്ട് നടത്തുന്ന ‘വയനാട് ഉത്സവ്’ ഇതിനോടകം ജനശ്രദ്ധയാകർച്ചിട്ടുണ്ട്.‘സഞ്ചാരികളേ വരൂ, വയനാട് സുരക്ഷിതമാണ്’ എന്ന സന്ദേശത്തിനു പിന്നാലെയാണ് വയനാട് ഉത്സവ് എന്ന പേരിൽ വയനാട് ഫെസ്‌റ്റ് നടത്തുന്നത്. കാരാപ്പുഴ ഡാം, വൈത്തിരി എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം, സുല്‍ത്താന്‍ ബത്തേരി ടൗണ്‍ സ്‌ക്വയര്‍ എന്നിവടങ്ങളിലായാണ് വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടക്കുന്നത്. ഇതിനൊപ്പം പൂജാ അവധിക്ക് ടൂറിസ്റ്റുകൾ കൂടി എത്തുന്നത് വയനാട്ടിൽ‌നിന്നു മികച്ച വരുമാനം ടൂറിസം മേഖല പ്രതീക്ഷിക്കുന്നു.

കാത്തിരിക്കുന്നു ഇടുക്കി

കഴിഞ്ഞ വർഷം മഴ മുന്നറിയിപ്പുകൾ അവഗണിച്ച് ഒരു ലക്ഷം സഞ്ചാരികളാണ് പൂജാ അവധി ദിവസങ്ങളിൽ ഇടുക്കിയിലേക്കെത്തിയത്. ഇത്തവണ അതിലേറെയെത്തുമെന്നാണ് ടൂറിസം വകുപ്പിന്റെ പ്രതീക്ഷ. കഴിഞ്ഞ വർ‌ഷം നാലു ദിവസങ്ങളിലായി വാഗമണ്‍ മൊട്ടക്കുന്ന് സന്ദര്‍ശിച്ചത് 30193 പേരായിരുന്നു. അഡ്വഞ്ചര്‍ പാര്‍ക്കില്‍ 26,986 സഞ്ചാരികളെത്തി. രാമക്കല്‍മേട്-8748, മാട്ടുപ്പട്ടി- 2330, അരുവിക്കുഴി- 1075, എസ്.എന്‍. പുരം- 5348, പാഞ്ചാലിമേട്- 7600, ഇടുക്കി ഹില്‍വ്യു പാര്‍ക്ക്- 5096, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍- 8656 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ കണക്ക്.

സുരക്ഷാ കാരണങ്ങളെ തുടർന്ന് അടച്ചിട്ടിരുന്ന, വാഗമണിലെ പ്രധാന വിനോദസഞ്ചാര ആകർഷണമായ ചില്ലുപാലം ഇത്തവണ തുറന്നിട്ടുണ്ട്.അവധി ആഘോഷമാക്കാന്‍ അന്യസംസ്ഥാനങ്ങളിൽ നിന്നടക്കം സഞ്ചാരികള്‍ ഒഴുകിയെത്തിയതോടെ മൂന്നാര്‍, വാഗമണ്‍, തേക്കടി അടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ഹോട്ടലുകളിലൊക്കെ ബുക്കിങ് പൂർത്തിയായി. ഉത്തരേന്ത്യക്കാര്‍ കൂടുതലായി എത്തിയിരുന്ന സ്ഥാനത്ത്, തമിഴ്നാട്, കര്‍ണാടക സ്വദേശികളും മലബാര്‍ മേഖലയില്‍ നിന്നുള്ളവരുമാണ് ഇത്തവണ കൂടുതലും മുറികള്‍ ബുക്ക് ചെയ്തിരിക്കുന്നത്.

ലക്ഷ്യം നിറവേറുമോ ?

വയനാടും ഇടുക്കിയും മാത്രമല്ല, പൂജാ അവധി സംസ്ഥാന ടൂറിസത്തിനു മുഴുവൻ പ്രതീക്ഷയാണ്. 202425 സാമ്പത്തിക വർഷത്തിൽ 2.2 കോടി ആഭ്യന്തര വിനോദ സഞ്ചാരികളെയും എട്ടു ലക്ഷം രാജ്യാന്തര വിനോദസഞ്ചാരികളെയും കേരളത്തിലേക്ക് എത്തിക്കാനാണ് ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നത്. ഇതിൽ ആഭ്യന്തര സഞ്ചാരികളിൽ നല്ലൊരു പങ്കും പൂജാ അവധി ദിനങ്ങളിലെത്തുമെന്നാണ് കണക്കുക്കൂട്ടൽ‌. ഒക്ടോബർ അവസാനത്തോടെ ഇതുസംബന്ധിച്ച ഔദ്യോഗിക കണക്ക് പുറത്തുവരും.

2019 ലെ റെക്കോർ‌ഡ് ടൂറിസം വരുമാനം 2026 ഓടെ മറികടക്കാനുളള പദ്ധതികളാണ് ടൂറിസം വകുപ്പ് ആസൂത്രണം ചെയ്യുന്നത്. 351 കോടി രൂപയാണ് ഈ സാമ്പത്തിക വർഷം ടൂറിസം മേഖലയ്ക്കായി നീക്കിവച്ചിരിക്കുന്നത്.വയനാട് ഉരുൾപൊട്ടല്‍ മൂലം ടൂറിസം മേഖലയിൽ ചെറിയ തോതില്‍ ആഘാതം ഉണ്ടായി എന്നതിൽ തർക്കമില്ല. റിസോര്‍ട്ടുകളും ഹോം സ്റ്റേകളും ഓണക്കാലത്ത് മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ പലരും ബുക്കിങ് റദ്ദാക്കിയിരുന്നു. ഈ നഷ്ടം മറികടക്കേണ്ടത് പൂജാ അവധി ദിനങ്ങളിലൂടെയാണ്.

ആരൊക്കെ വരുന്നു?

മര്റു സംസ്ഥാനങ്ങളിൽനിന്നു കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികളിലേറെയും തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ്. ഉത്തർപ്രദേശ്, ഡൽഹി, മധ്യപ്രദേശ്, ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള ടൂറിസ്റ്റുകൾ കൂടുതലും എത്തുന്നത് പൂജാ അവധി ദിവസങ്ങളിലാണ്. ഇവരെ ആകർഷിക്കാനായാൽ ഈ സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ എണ്ണം വരും വർഷങ്ങളിൽ കൂടുമെന്നാണ് കണക്കുക്കൂട്ടൽ.

അധികവും മലയാളികൾ തന്നെ

മുൻപ് നവരാത്രി അവധിക്ക് ഉത്തരേന്ത്യൻ സഞ്ചാരികളാണ് കേരളത്തിൽ കൂടുതൽ എത്തിയിരുന്നതെങ്കിൽ ഇപ്പോൾ കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കെത്തുന്നതിലേറെയും മലയാളികളാണ്. ഒക്ടോബർ മുതൽ മാർച്ച് വരെയാണ് കേരളത്തിലെ പ്രധാന ടൂറിസം സീസൺ. ഒക്ടോബർ തുടക്കത്തിൽ തന്നെ സഞ്ചാരികളുടെ എണ്ണം വർധിച്ചാൽ അതൊരു നല്ല  സൂചനയെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. അടുത്ത കാലത്തായി പകർച്ചവ്യാധികൾ കേരളത്തിൽ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്നത് അടക്കം ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിലും അതിനെയെല്ലാം അതിജീവിച്ച്, സഞ്ചാരികളുടെയും വരുമാനത്തിന്റെയും കണക്കുകൾക്കായാണ് സംസ്ഥാനം കാത്തിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *