കമ്പത്ത് കാറിനുള്ളിൽ മൂന്ന് മൃതദേഹങ്ങൾ; മരിച്ചത് കോട്ടയം സ്വദേശികൾ
കമ്പം: തമിഴ്നാട്ടിലെ കമ്പത്ത് കാറിനുള്ളിൽ മലയാളികളായ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരത്തുംമൂട് സ്വദേശികളായ ജോർജ് പി. സ്കറിയ (60), ഭാര്യ മേഴ്സി (58) മകൻ അഖിൽ (29) എന്നിവരാണ് മരിച്ചത്. സാമ്പത്തിക ബാധ്യതയെ തുടർന്നുള്ള ആത്മഹത്യയാണെന്നാണ് സൂചന.
കമ്പം-കമ്പംമേട് റോഡില്‍ നിന്ന് മാറി ഒരു തോട്ടത്തിന് അകത്ത് പാര്‍ക്ക് ചെയ്ത കാറിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കോട്ടയം രജിസ്‌ട്രേഷനിലുള്ള വാഹനമാണിത്. അഖിലിന്‍റെ ഉടമസ്ഥതയിലുള്ളതാണ് കാര്‍. മൂവരെയും കാണാനില്ലെന്ന് കാണിച്ച് വാകത്താനം പൊലീസില്‍ രണ്ടു ദിവസം മുന്‍പ് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു
കാറിനകത്ത് നിന്ന് കീടനാശിനിയുടെ കുപ്പി ലഭിച്ചിട്ടുണ്ട്. ഇതോടെ മൂവരും ആത്മഹത്യ ചെയ്തതാകാമെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂ. തമിഴ്നാട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്