കല്യാൺ സാംസ്കാരിക വേദി സാഹിത്യ ചർച്ച:

0

കാട്ടൂർ മുരളിയുടെ കഥാവതരണവും കൃഷ്‌ണകുമാർ ഹരിശ്രീ രചിച്ച പുസ്തകത്തിൻ്റെ പ്രകാശനവും നടന്നു

മുംബൈ: കല്യാൺ സാംസ്കാരിക വേദിയുടെ ഒക്ടോബർ മാസ സാഹിത്യ ചർച്ച ഈസ്റ്റ് കല്യാൺ കേരള സമാജം ഹാളിൽ നടന്നു. മുതിർന്ന പത്രപ്രവർത്തകനും എഴുത്തുകാരനുമായ കാട്ടൂർ മുരളി തൻ്റെ ‘കാലാപാനി’, ‘സ്നേഹ ചങ്ങലയിലെ തടവുകാർ’ എന്നീ ചെറുകഥകൾ അവതരിപ്പിച്ചു. കെവിഎസ് നെല്ലുവായ് ചർച്ചയുടെ മോഡറേറ്റർ ആയിരുന്നു.
കവിയും ജീവകാരുണ്യ പ്രവർത്തകനുമായ കൃഷ്ണകുമാർ ഹരിശ്രീയുടെ പ്രഥമ കവിതാ സമാഹാരം “ഹരിശ്രീ കുറിച്ച കവിതകൾ” ചടങ്ങിൽ ലിനോദ് വർഗ്ഗീസ് കവി കുറ്റൂർ രാജേന്ദ്രന് നൽകി പ്രകാശനം ചെയ്തു. മുംബൈ നഗരം വിട്ട് നാട്ടിൽ സ്ഥിരതാമസമാക്കാൻ പോകുന്ന ഈസ്റ്റ് കല്യാൺ സമാജത്തിന്റെ സജീവ പ്രവർത്തകനും മുംബൈയിലെ പ്രമുഖ സാമൂഹിക- സാംസ്കാരിക പ്രവർത്തകനുമായ രാജൻ പണിക്കരെ ഈസ്റ്റ് കല്യാൺ കേരളസമാജം പ്രസിഡണ്ട് ലളിത മേനോനും സെക്രട്ടറി സംഗീത് നായരും ചേർന്ന് ആദരിച്ചു.
കാട്ടൂർ മുരളിയുടെ ചെറുകഥകളെ കുറിച്ചുള്ള ചർച്ച കവി ഈ. ഹരിന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. മുംബൈയുടെ ജീവിതത്തെ അതി സൂക്ഷ്മമായാണ് കാട്ടൂർ മുരളി തൻ്റെ ചെറുകഥകളിൽ ആവിഷ്കരിച്ചിരിക്കുന്നത് എന്ന് ഹരീന്ദ്രനാഥ് പറഞ്ഞു. നഗരത്തിലെ മില്‍തൊഴിലാളികളുടെ ജീവിതം പറയുന്ന ‘കാലാപാനി’ മുംബൈ നഗരത്തിന്റെ ചരിത്രത്തിലൂടെ കടന്നുപോകുന്നു. ഓരോ മുംബൈ മലയാളിയുടെയും ഹൃദയത്തെ സ്പർശിക്കുന്നതാണ് അവതരിപ്പിച്ച രണ്ട് കഥകളും എന്ന് ചർച്ചയിൽ പൊതുവായി വിലയിരുത്തപ്പെട്ടു.
ലിനോദ് വർഗീസ്, രാജൻ പണിക്കർ, സന്തോഷ് പല്ലശ്ശന, ലളിതാ മേനോൻ, രാജേന്ദ്രൻ കുറ്റൂർ, ഉദയകുമാർ മാരാർ, വി. കെ. ശശീന്ദ്രൻ, ദീപാ വിനോദ്, സുജാത എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *