കല്യാൺ സാരഥിയുടെ ‘ കുട്ടിച്ചാത്തൻ ‘: ആദ്യ അവതരണം ഏപ്രിൽ 27 ന് ഡോംബിവ്ലിയിൽ

ഏഴരപതിറ്റാണ്ടിൻ്റെ ചരിത്രമുള്ള, ഏകദേശം നാൽപ്പത്തിഏഴോളം വലുതും ചെറുതുമായ നാടക സംഘങ്ങൾക്ക് ജന്മം നൽകുകയും കാലാന്തരേ വളരച്ച മുരടിച്ചുപോകുകയും ചെയ്‌ത മുംബൈ മലയാള നാടക വേദിയുടെ ഗ്രീഷ്‌മ ഭൂമികയിൽ, ഇന്നും ഹരിതാഭ നിലനിർത്തികൊണ്ടു വാടാതെ നിൽക്കുകയാണ് കല്യാൺ ‘സാരഥി തിയേറ്റർ ‘. മുംബയിലെ നാടക പ്രേമികൾക്ക് ‘സാരഥി’ ഒരു പ്രതീക്ഷയാണ്. മഹാനഗരത്തിൽ ‘പ്രഫഷണൽ ‘ചാരുതയോടെ നാടകം നിലനിൽക്കുമെന്ന പ്രത്യാശ.
ഭക്തി രസപ്രധാനമെങ്കിലും കാലികപ്രസക്തി നിലനിർത്തി അവതരണ -അഭിനയ മികവിൽ ഏറെ ശ്രദ്ധനേടിയ ‘കൂറൂരമ്മ’യ്ക്ക് ശേഷം സാരഥിയുടെ പന്ത്രണ്ടാമത് നാടകം അരങ്ങിലേയ്ക്ക് വരികയാണ്.
ഏപ്രിൽ -27 രാവിലെ 10 മണിക്ക് ഡോംബിവ്‌ലി ഈസ്റ്റിലുള്ള സാവിത്രിബായി ഫൂലെ ഓഡിറ്റോറിയത്തിലാണ് സാരഥി തിയേറ്ററിൻ്റെ പുതിയനാടകമായ ‘കുട്ടിച്ചാത്തൻ്റെ ‘ ആദ്യ അവതരണം.
നാടകത്തിൻ്റെ പിന്നണിയിൽ കേരളത്തിലെ പ്രതിഭാധനരായ നാടകപ്രവർത്തകർ ജയൻ തിരുമന ,ഷാജികോട്ടയം ,ആലപ്പി ഹൃഷികേശ് ,വിജയൻ കടമ്പേരി തുടങ്ങിയവരാണ് . മുംബൈ മലയാള നാടകരംഗത്തെ പ്രമുഖരും പുതുതലമുറയിൽപ്പെട്ടവരും കഥാപാത്രങ്ങളായി വേഷമിടുന്നു.
വിവിധ രംഗ വേദികളിൽ അവതരിപ്പിക്കപ്പെട്ട സാരഥിയുടെ കഴിഞ്ഞ പതിനൊന്നു നാടകങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച നവ്യാനുഭവം കൂടുതൽ പുതുമകളോടെ വീണ്ടും ആവർത്തിക്കുമെന്നും മഹാരാഷ്ട്രയിലെ നാടകപ്രേമികളെ അതാസ്വദിക്കാനായി സ്വാഗതം ചെയ്യുന്നുവെന്നും അഭിനേതാക്കൾ കൂടിയായ ‘സാരഥി’ യുടെ സാരഥികൾ സന്തോഷ് , കലാഭവൻ പ്രമോദ് എന്നിവർ അറിയിച്ചു.
മുംബൈയിലെ അറിയപ്പെടുന്ന കവിയും ചിത്രകാരനുമായ പവിത്രൻ കണ്ണപുരം സംവിധാനം ചെയ്‌ത എ എൻ .ഗണേഷിൻ്റെ ‘ഭരതക്ഷേത്രം’ ആണ് കല്യാൺ -സാരഥി തിയേറ്ററിൻ്റെ ആദ്യനാടകം .തുടർന്ന് രാമൻദൈവം ,സർഗക്ഷേത്രം,ഭാരതീയം ,അനന്തപുരാണം ,ദേവയാനി ,വിശുദ്ധസെബാസ്റ്റയാനോസ് ,കുറൂരമ്മ തുടങ്ങീ വൈവിധ്യമാർന്ന നാടകങ്ങൾ വേദിയിലെത്തിച്ചു.