വിധിയെഴുത്ത് നാളെ : മലയാളി വോട്ടുകൾ പ്രസക്തമാകുന്ന കല്യാൺ റൂറൽ മണ്ഡലം

0

 

കല്യാൺ/ ഡോംബിവ്‌ലി: മലയാളി വോട്ടുകൾക്ക് പ്രസക്തിയുള്ളൊരു പ്രദേശമാണ്, ശക്തമായ ത്രികോണ മത്സരം നടക്കുന്ന കല്യാൺ റൂറൽ നിയമസഭാ മണ്ഡലം. 7007606 വോട്ടർമാരാണ് ഇവിടെ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്.ഇതിൽ 3748816 പുരുഷ വോട്ടർമാരും 3257403 സ്ത്രീ വോട്ടർമാരുമാണുള്ളത്.1387പേർ ഭിന്നലിംഗക്കാരാണ്. ആറായിരത്തിലധികം മലയാളി വോട്ടർമാർ ഈ മണ്ഡലത്തിലുണ്ട്. കടുത്ത മത്സരമായതുകൊണ്ട് തന്നെ മലയാളി വോട്ടുകൾ ഇവിടെ നിർണ്ണായകമാകാനുള്ള സാധ്യതയുമുണ്ട്.

സിറ്റിങ് സീറ്റ് നിലനിർത്താനായി എംഎൻഎസ് നുവേണ്ടി രാജുരത്തൻപാട്ടീലും ഉദ്ദവ് ശിവസേനയ്ക്ക് വേണ്ടി(MVA ) സുഭാഷ് ഭോയിറും ഷിൻഡെ ശിവസേനയ്ക്ക് വേണ്ടി (മഹായുതി ) രാജേഷ് മോറെയും ഇവിടെ മത്സരിക്കുന്നു.
2019 ൽ സംസ്ഥാനത്ത് മാഹാരാഷ്ട്ര നവനിർമ്മാണ സേനയ്ക്ക് ലഭിച്ച ഏക സീറ്റാണ് കല്യാൺ റൂറലിലെ രാജുരത്തൻപാട്ടീലിൻ്റെത് . അതുകൊണ്ടു തന്നെ ഈ സീറ്റ് നിലനിർത്തുക എന്നത് രാജുവിൻ്റെ മാത്രമല്ല രാജ് ൻ്റെ യും അഭിമാന പ്രശ്‌നമാണ്. അതുകൊണ്ട് തന്നെ അണികളിൽ ആവേശമുയർത്തുന്ന കിടിലൻ പ്രസംഗങ്ങളുമായി രാജ് താക്കറെ ഇവിടെ ഒന്നിലധികം റാലികൾ നടത്തി ശക്തി തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്.ശിവസേനയുടെ രമേശ് മാത്രെയേ ഏകദേശം ഏഴായിരം വോട്ടുകൾക്കാണ് രാജുപാട്ടീൽ പരാജയപെടുത്തിയത്.
മലയാളികളടക്കമുള്ള ജനങ്ങളുമായുള്ള അടുത്ത സമ്പർക്കവും സൗമ്യഭാവവുമൊക്കെ രാജു പാട്ടീലിന് ഗുണം ചെയ്യുന്ന കാര്യങ്ങളാണ്. രാഷ്ട്രീയത്തിന് അതീതമായുള്ള വ്യക്തിബന്ധങ്ങളും ഇവിടെ അദ്ദേഹത്തിനുണ്ട്.
എന്നാൽ , 2009 ൽ എംഎൻസ് ടിക്കറ്റിൽ മത്സരിച്ച്, 9000ൽ പരം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിച്ച രാജു രത്തൻപാട്ടീലിന്റെ മൂത്ത സഹോദരൻ രമേശ്‌പാട്ടീലിനെ 44,212 വോട്ടുകൾക്ക് പരാജയപ്പെടുത്തിയ ആളാണ് ഉദ്ദവ് ശിവസേനയുടെ നിലവിലുള്ള സ്ഥാനാർഥി സുഭാഷ് ബോയിർ . അന്ന് അദ്ദേഹം അവിഭക്ത ശിവസേനയിലായിരുന്നു. ജന സമ്മിതിയിൽ അദ്ദേഹവും ഒട്ടും പിറകിലല്ല.
2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, ശിവസേന സ്ഥാനാർത്ഥി ശ്രീകാന്ത് ഏകനാഥ് ഷിൻഡെ കല്യാൺ മണ്ഡലത്തിൽ നിന്ന് 209144 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഉദ്ദവ് ശിവസേനയുടെ വൈശാലി ദാരേക്കറിനെ പരാജയപ്പെടുത്തിയത്. അതുകൊണ്ട് മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡേ യുമായി അടുത്തബന്ധമുള്ള രാജേഷ് മോറെയും ശക്തിയിൽ ഒട്ടും പിറകെയല്ല. എന്നാൽ ഷിൻഡെ ശിവസൈനികർക്ക് കൂടി താൽപ്പര്യം ഉള്ള സ്ഥാനാർത്ഥിയാണ് രാജുപാട്ടീൽ എന്നത് പരോക്ഷ സത്യമായി ഇവിടെ നിലനിൽക്കുന്നുണ്ട് . അതോടൊപ്പം “കാറ്റുള്ളപ്പോൾ തൂറ്റുക” എന്ന നിലപാടുള്ള , അവസരത്തിനൊത്ത്  പുറത്തെടുക്കാൻ മാത്രം,  ആദർശം പോക്കറ്റിലിട്ടുനടക്കുന്ന രാഷ്ട്രീയക്കാരുടെ പിന്തുണയും രാജു പാട്ടീലിന് ഉറപ്പായും ലഭിക്കും.

മലയാളി വോട്ടുകൾ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും എന്ന തിരിച്ചറിവുള്ളത് കൊണ്ട് തന്നെ മലയാളഭാഷയിൽ അച്ചടിച്ച നോട്ടീസുകളിലൂടെ പ്രചാരണം നടത്തിയും മലയാളികൾ സംഘടിപ്പിക്കുന്ന പരിപാടികളിൽ സാന്നിധ്യമറിയിച്ചും കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി വിജയത്തിനായുള്ള ഒരുക്കങ്ങൾ കല്യാൺ- ഡോംബിവ്‌ലി മേഖലകളിലെ സ്ഥാനാർത്ഥികൾ നടത്തിവരുന്നുണ്ട്.. അതിൻ്റെ ഫലമറിയാൻ നാളത്തെ വിധിയെഴുത്തും അതുകഴിഞ്ഞുള്ള രണ്ട് ദിവസം കൂടി നമുക്ക് കാത്തിരിക്കേണ്ടിവരും.

വോട്ടുചെയ്യാൻ പ്രിയ മലയാളികൾ മടികാണിക്കാതിരിക്കുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *