കല്യാൺ ഈസ്റ്റ്ൽ സുലഭ ഗണപത് ഗെയ്ക്വാഡ് പത്രിക സമർപ്പിച്ചു.
പത്രിക സമർപ്പിച്ചത് പോലീസ് സുരക്ഷയിൽ, സംഗീത വാദ്യഘോഷത്തോടെയുള്ള വൻ ശക്തിപ്രകടനത്തോടെ…
മുംബൈ : കല്യാൺ ഈസ്റ്റ് അസംബ്ലി മണ്ഡലത്തിൽ നിന്ന് നിലവിലുള്ള എം.എൽ.എ ഗണപത് ഗെയ്‌ക്‌വാദിൻ്റെ അഭാവത്തെത്തുടർന്ന് ബിജെപി (മഹായുതി സഖ്യം ) സ്ഥാനാർഥിയായി ഭാര്യ സുലഭ ഗണപത് ഗെയ്‌ക്‌വാദ് പത്രിക സമർപ്പിച്ചു. ഗണപത് ഗെയ്‌ക്‌വാദ് മൂന്നുതവണ എംഎൽഎ ആയ മണ്ഡലമാണിത് . മന്ത്രി രവീന്ദ്രചവാന്റെ നേതൃത്തത്തിൽ സഖ്യത്തിലെ പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിൽ ഏകദേശം എണ്ണായിരം പേര് പങ്കെടുത്ത ശബ്ദഘോഷത്തോടെയുള്ള പ്രകടന റാലിയോടെയായിരുന്നു പത്രിക സമർപ്പണം . എംഎൽഎ കുമാർ ഐലാനി, അണ്ണാ റോക്കഡെ, ബിജെപി കല്യാൺ ജില്ലാ പ്രസിഡൻ്റ് നരേന്ദ്ര സൂര്യവംശി, വൈസ് പ്രസിഡൻ്റ് അഭിമന്യു ഗെയ്ക്‌വാദ്, ഈസ്റ്റ് മണ്ഡലം പ്രസിഡൻ്റ് സഞ്ജയ് മോർ എന്നിവർ റാലിയിൽ പങ്കെടുത്തു.
മണ്ഡലത്തിൽ സേനയുമായി ബിജെപി സഖ്യത്തിലാണെന്നും പതിറ്റാണ്ടുകളായി മികച്ച ജനസമ്പർക്കമുള്ള നേതാവാണ് എം.എൽ.എ ഗൺപത് ഗെയ്‌ക്‌വാദെന്നും സുലഭ ഗെയ്‌ക്‌വാദ് ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് അദ്ദേഹത്തിൻ്റെ കാൽച്ചുവടുകൾ പിന്തുടർന്നാണെന്നും അതുകൊണ്ടു തന്നെ അവരുടെ വിജയം സുനിശ്ചിതമാണെന്നും മന്ത്രി രവീന്ദ്രചവാൻ പറഞ്ഞു.
ഈ വർഷം ഫെബ്രുവരിയിൽ ഉല്ലാസ്‌നഗർ പോലീസ് സ്‌റ്റേഷനിൽ വെച്ച് തൻ്റെ അകന്ന ബന്ധുവും ശിവസേന (ഷിൻഡെ )കല്യാൺ ഈസ്റ്റ് ജില്ലാ അധ്യക്ഷനുമായ മഹേഷ് ഗെയ്‌ക്‌വാദിന് നേരെ ഗൺപത് ഗെയ്‌ക്‌വാദ് വെടിയുതിർത്തിരുന്നു. ഗണപത് ഗെയ്‌ക്‌വാദ് അറസ്റ്റിലാവുകയും ജയിലിൽ അടയ്ക്കപ്പെടുകയും ചെയ്‌തപ്പോൾ, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഏക്‌നാഥ് ഷിൻഡെയുടെ മകൻ ശ്രീകാന്ത് ഷിൻഡെയ്‌ക്കെതിരെ പോരാടിയ കല്യാണിലെ ശിവസേന (യുബിടി) സ്ഥാനാർത്ഥിക്ക് വേണ്ടി സുൽഭ ഗെയ്‌ക്‌വാദ് പ്രചാരണം നടത്തിയത് നിരവധി ശിവസൈനികരെ അസ്വസ്ഥരാക്കിയിരുന്നു. അതുകൊണ്ട് തന്നെ ഒരു വിഭാഗം ശിവസൈനികർ ഈ സ്ഥാനാർത്ഥിത്വത്തെ അംഗീകരിക്കാൻ വിമുഖത കാണിക്കുന്നുണ്ട്.