മാലപിടിച്ചുപറി ,വാഹന മോഷണം / കുപ്രസിദ്ധ ഇറാനി മോഷണ സംഘത്തെ കല്യാൺ ക്രൈം ബ്രാഞ്ച് പിടികൂടി
മുംബൈ : ഭിവണ്ടി, താനെ, ബദ്‌ലാപൂർ, അംബർനാഥ്, കല്യാൺ, ഷിൽ ദായിഗർ തുടങ്ങി നിരവധി മുംബൈ നഗരപ്രാന്തങ്ങളിൽ 70 ഓളം ചെയിൻ തട്ടിപ്പ്, മൊബൈൽ മോഷണം, വാഹന കവർച്ച എന്നിവയ്ക്ക് ഉത്തരവാദികളായ കുപ്രസിദ്ധ ഇറാനി സംഘത്തിലെ നാല് അംഗങ്ങളെ കല്യാൺ ക്രൈംബ്രാഞ്ച് പിടികൂടി. അറസ്റ്റിലായവരിൽ നിന്ന് 50 ലക്ഷം രൂപയിലധികം വിലമതിക്കുന്ന സ്വത്തുക്കൾ പോലീസ് കണ്ടെടുത്തു.തൗഫീഖ് തജീബ് ഹുസൈൻ (29), മുഹമ്മദ് അലി എന്ന കാളിചരൺ സവേരി അലി (36), അബ്ബാസ് സല്ലു ജാഫരി (27), സൂരജ് എന്ന ചോത്യ മനോജ് സലുങ്കെ (19) എന്നിവരാണ് അറസ്റ്റിലായത്.
പോലീസ് ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ഹെൽമറ്റ് ധരിച്ച് മോട്ടോർ സൈക്കിളിൽ കറങ്ങിയാണ് കാൽനടയാത്രക്കാരിൽ നിന്ന് മൊബൈൽ ഫോണുകളും സ്വർണ്ണാഭരണങ്ങളും ഇവർ തട്ടിയെടുക്കുന്നത്.
താനെ അധികാരപരിധിയിൽ മാത്രം 40 ചെയിൻ തട്ടിപ്പ് കേസുകളും 24 മൊബൈൽ മോഷണ കേസുകളും ആറ് വാഹന മോഷണ കേസുകളും പ്രതികൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആകെ 70 കേസുകളിൽ ഇവരുടെ പങ്ക് സമ്മതിച്ചതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അമർസിംഗ് ജാദവ് പറഞ്ഞു.
കല്യാണിലെ കോൽസെവാഡിയിൽ ഒരു കേസ് അന്വേഷിക്കുന്നതിനിടയിൽ, പിടികൂടിയ ഒരാളെ ചോദ്യചെയ്തപ്പോൾ കൂടുതൽ കുറ്റകൃത്യങ്ങളിൽ ഇയാൾക്ക് പങ്കാളിത്തം ഉണ്ടെന്ന് കണ്ടെത്തിയതോടെയാണ് വഴിത്തിരിവുണ്ടാകുന്നത് . അംബിവാലിയിൽ മോഷണ സംഘമുണ്ടെന്ന
രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ സിവിൽ വസ്ത്രം ധരിച്ച ഒരു സംഘം അംബിവലിയിലെ ഇറാനിവാടിക്ക് ചുറ്റും കറങ്ങി മോഷണ സംഘത്തെ കണ്ടെത്തി . സിനിമാ സ്‌റ്റൈലിൽ സംഘട്ടനത്തിലൂടെ അതിസാഹസികമായാണ് ഓരോരുത്തരേയും പിടികൂടിയതെന്നും എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്‌തു ഓരോ കുറ്റകൃത്യങ്ങളിലും അന്വേഷണം നടത്തുമെന്നും താനെ ക്രൈം എസിപി ശേഖർ ബഗഡെ പറഞ്ഞു.
50.18 ലക്ഷം രൂപ വിലമതിക്കുന്ന സ്വത്തുക്കളിൽ 410 ഗ്രാം സ്വർണ്ണ ചെയിനുകൾ, വിവിധ ബ്രാൻഡുകളിലുള്ള 24 മൊബൈൽ ഫോണുകൾ, ആറ് മോട്ടോർ സൈക്കിളുകൾ, ഒരു മാരുതി സ്വിഫ്റ്റ് എന്നിവ ഉൾപ്പെടുന്നു. പോലീസ് അന്യേഷണം തുടരുകയാണ്.