കലൂരിലെ നൃത്ത പരിപാടി; ഹെൽത്ത് ഇൻസ്‌പെക്ടർക്ക് സസ്പെൻഷൻ
കൊച്ചി: ഉമാ തോമസ് എംഎൽഎയ്ക്ക് പരിക്കേറ്റ അപകടം ഉണ്ടായ പരിപാടി സംബന്ധിച്ച വിവാദത്തിൽ ഹെൽത്ത് ഇൻസ്‌പെക്ടർക്ക് സസ്പെൻഷൻ. നൃത്ത പരിപാടിക്ക് ലൈസൻസ് അപേക്ഷ നൽകിയത് മേലധികാരികളെ അറിയിച്ചില്ല, പരിപാടി നടന്ന ദിവസം സ്റ്റേഡിയം സന്ദർശിച്ചില്ല എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സസ്‌പെൻഷൻ. റവന്യൂ, ഹെൽത്ത്, എഞ്ചിനീയറിംഗ് വിഭാഗങ്ങളുടെ വീഴ്ച പരിശോധിച്ച് റിപ്പോർട്ട് നൽകാൻ നഗരസഭാ സെക്രട്ടറിക്ക് നിർദേശം ലഭിച്ചിട്ടുണ്ട്.
സംഘാടകർ വകുപ്പുകൾക്ക് അപേക്ഷ നൽകിയത് പരിപാടിക്ക് ഒരു ദിവസം മുൻപ് മാത്രമായിരുന്നു. ടിക്കറ്റില്ലാതെ നടത്തുന്ന പരിപാടിയെന്ന് നഗരസഭയെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് അപേക്ഷ സമർപ്പിച്ചത്. തലേദിവസം നഗരസഭാ അധികൃതർ സ്റ്റേഡിയത്തിൽ പരിശോധനയ്ക്കായി ചെന്നപ്പോൾ അവിടം സ്റ്റേജ് നിർമാണം ഒന്നും നടക്കാതിരുന്നത് ശ്രദ്ധയിൽപെട്ടതിനാൽ തിരിച്ചുപോന്നു. എന്നാൽ നിർമാണങ്ങൾ എല്ലാം നടന്നത് പരിപാടിയുടെ ദിവസമായിരുന്നു. എന്നാൽ അന്നേ ദിവസം അധികൃതർ പരിശോധന നടത്തിയതുമില്ല.