യുവാവിനേയും സുഹൃത്തുക്കളേയും ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതികൾ പിടിയിൽ

കല്ലുവാതുക്കൽ ബിവറേജിന് മുന്നിൽ വാഹനം പാർക്ക് ചെയ്യ്തതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനേയും സുഹൃത്തുക്കളേയും മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ച് പരിക്കേൽപ്പിക്കുകയും വാഹനം അടിച്ച് തകർക്കുകയും ചെയ്യ്ത പ്രതികൾ പോലീസിന്റെ പിടിയിലായി. കല്ലുവാതുക്കൽ പാമ്പുറം ശ്രീരാമ വിലാസം വീട്ടിൽ വിജയകുമാരക്കുറുപ്പ് മകൻ വിഷ്ണു(33), ചിറക്കര ഇടവട്ടം ഹരിതശ്രീ ശശിധരൻപിള്ള മകൻ ശരത്(33) എന്നിവരാണ് പാരിപ്പള്ളി പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി കല്ലുവാതുക്കൽ ബിവറേജിൽ മദ്യം വാങ്ങാൻ എത്തിയ പാരിപ്പള്ളി കാവടിക്കോണം സ്വദേശി വീനസ്(37) നേയും സുഹൃത്തുക്കളേയുമാണ് പ്രതികൾ ഉൾപ്പെട്ട സംഘം മർദ്ദിച്ച് പരിക്കേൽപ്പിച്ചത്.
ബിവറേജിന് മുന്നിൽ ഇവരുടെ വാഹനം ശരിയായ രീതിയിലല്ല പാർക്ക് ചെയ്യ്തത് എന്നാരോപിച്ചു കൊണ്ട് പ്രതികൾ ഇവരെ ചീത്ത വിളിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്യ്തതിനെ തുടർന്ന് ഇരു കൂട്ടരും തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും പ്രതികൾ മാരകായുധങ്ങൾ ഉപയോഗിച്ച് വിനസിനേയും സുഹൃത്തുക്കളേയും ആക്രമിക്കുകയുമായിരുന്നു. ബിയർ കുപ്പി കൊണ്ട് തലയിലും മുഖത്തും മർദ്ദിക്കുകയും നിലത്തിട്ടി ചവിട്ടുകയും തടിക്കഷണം ഉപയോഗിച്ച് തലയുടെ പുറകിൽ ശക്തിയായി അടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്യ്തു. ഇതുകൂടാതെ വീനസും സുഹൃത്തുക്കളും എത്തിയ വാഹനവും പ്രതികൾ അടിച്ച് തകർത്തു.
സംഭവത്തെ തുടർന്ന് പാരിപ്പള്ളി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യ്ത് അന്വേഷണം നടത്തിയ പോലീസ് സംഘം അക്രമി സംഘത്തിൽ ഉൾപ്പെട്ട പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പാരിപ്പള്ളി ഇൻസ്‌പെക്ടർ നിസ്സാറിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ നിതിൻ നളൻ, അനിൽ, പ്രകാശ്, അനന്തു, സി.പി.ഓ മാരായ സബിത്ത്, നികേഷ്, നൗഫൽ, അനൂപ് എന്നിവരടങ്ങിയ സംഘമാണ്് പ്രതികളെ പിടികൂടിയത്.