കല്ലായിപ്പുഴയിലെ ചളി നീക്കൽ ഈ മാസം വീണ്ടും ടെൻഡർ വിളിക്കും
കോഴിക്കോട്: 13 വർഷമായി നഗരത്തിന്റെ ആവശ്യമായ കല്ലായിപ്പുഴ ആഴം കൂട്ടുന്ന പദ്ധതിക്ക് വേണ്ടി ഈ മാസം ഇറിഗേഷൻ വകുപ്പ് വീണ്ടും ടെൻഡർ വിളിക്കും. ആഴം കൂട്ടാൻ കരാറുകാരെ തേടി മൂന്നാം തവണയാണ് ടെൻഡർ വിളിക്കുന്നത്.
അവസാനം പദ്ധതി ചെലവിനേക്കാൾ 200 ശതമാനം അധികം തുക കാണിച്ചതിനാലാണ് ഫെബ്രുവരി അവസാനം വീണ്ടും ടെൻഡർ വിളിക്കുന്നത്. ഇതോടെ ഈ വേനലിലും പുഴ നവീകരണ പ്രവൃത്തി നടക്കുമെന്നത് വിദൂര സ്വപ്നമായി. പുതിയ ടെൻഡറിൽ പദ്ധതി തുകക്ക് അകത്ത് നിന്ന് കരാറെടുക്കാൻ ആൾ എത്തുമെന്ന പ്രതീക്ഷയാണ് കോർപറേഷൻ അധികൃതർ പങ്കുവെക്കുന്നത്. നേരത്തേ 30 ശതമാനം അധികമായതിനാൽ തന്നെ സർക്കാർ ടെൻഡർ അംഗീകരിച്ചിരുന്നില്ല. മൂന്നാം ടെൻഡറിൽ 200 ശതമാനം അധികമായതോടെ സർക്കാർ അനുമതിയുണ്ടാവില്ലെന്ന് ഉറപ്പാവുകയായിരുന്നു.
പുഴയിലെ മണ്ണെടുത്ത് ആഴക്കടലിൽ തള്ളണമെന്ന നിബന്ധനയാണ് ചെലവ് കൂടാൻ കാരണമായി പറയുന്നത്. കഴിഞ്ഞ ദിവസം നടന്ന ഇറിഗേഷൻ വകുപ്പുകളുടെ റിവ്യൂ മീറ്റിങ്ങിൽ കല്ലായി പുഴ നവീകരണത്തിന് മുൻഗണന നൽകിയതായും ശുഭ പ്രതീക്ഷയുണ്ടെന്നും ഡെപ്യൂട്ടി മേയർ സി.പി. മുസഫർ അഹമ്മദ് കോർപറേഷൻ കൗൺസിലിനെ അറിയിച്ചിരുന്നു.
13 വർഷത്തിനിടെ ആറ് തവണ ടെൻഡർ വിളിച്ചതായാണ് കണക്ക്. ആദ്യം റിവർ മാനേജ്മെന്റ് ഫണ്ടിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കാനുള്ള ശ്രമം തുടങ്ങിയത്. മൂന്നരക്കോടി രൂപയായിരുന്നു അന്ന് കണക്കാക്കിയത്. പിന്നീടത് 4.9 കോടിയായി. അന്ന് ടെൻഡറിന് അംഗീകാരമായെങ്കിലും ചളി കടലിലെത്തിക്കുന്നതും മറ്റുമായി ബന്ധപ്പെട്ട കാരണങ്ങളാൽ പണി നടത്തിയില്ല. കല്ലായിക്കും കടുപ്പിനിക്കുമിടയിൽ 4.2 കിലോമീറ്റർ ദൂരത്തിലാണ് പുഴയിലെ മണ്ണും ചളിയും നീക്കേണ്ടത്. സി.ഡബ്ല്യു.ആർ.ഡി.എമ്മിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിലാണ് ചളി കടലിൽ നിക്ഷേപിക്കാമെന്ന് നിർദേശം വന്നത്.