സംസ്ഥാനത്ത് കള്ളക്കടൽ പ്രതിഭാസം ഇന്നും തുടരും: ഇന്ന് ഓറഞ്ച് അലർട്ട്
തിരുവന്തപുരം: സംസ്ഥാനത്ത് ഇന്നും കള്ളക്കടൽ പ്രതിഭാസം തുടരും. ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തുമാണ് മുന്നറിയിപ്പ്. വൈകുന്നേരം 3.30 വരെ അതിതീവ്ര തിരമാലകൾ കാരണം ശക്തിയേറിയ കടലാക്രമണത്തിന് സാധ്യതയെന്നും മുന്നറിയിപ്പ്. പ്രതിഭാസത്തിന്റെ ഭാഗമായി ഇന്നലെ രാത്രി കോഴിക്കോട് കടൽക്ഷോഭമുണ്ടായി. വെസ്റ്റ്ഹിൽ ശാന്തി നഗറിലെ വീടുകളിൽ വെള്ളം കയറി.
അതേസമയം, ഉഷ്ണതരംഗ മുന്നറിയിപ്പ് ഇല്ലെന്ന നേരിയ ആശ്വാസം നിലനില്‍ക്കുമ്പോഴും നാളെ വരെ സംസ്ഥാനത്ത് കടുത്ത ചൂട് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി ഇടുക്കിയും വയനാടും ഒഴികെയുള്ള ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് നൽകി. അതിനിടെ നാളെ മുതല്‍ സംസ്ഥാനത്ത് പരക്കെ മഴയും പ്രവചിക്കുന്നുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത.
ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം. യാതൊരുകാരണവശാലും തീരത്ത് കിടന്ന് ഉറങ്ങരുത്. മത്സബന്ധന ഉപകരണങ്ങള്‍ സുരക്ഷിത സ്ഥലത്തേക്ക് മാറ്റണമെന്നും മുന്നറിയിപ്പുണ്ട്. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.
മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
കേരള തീരത്തോട് ചേര്‍ന്ന പ്രദേശങ്ങളില്‍ വള്ളങ്ങളിലും ചെറിയ യാനങ്ങളിലും രാത്രി 08 മണിക്ക് ശേഷം മത്സ്യബന്ധനം നടത്താന്‍ പാടുള്ളതല്ല. കേരള തീരത്തോട് ചേര്‍ന്ന പ്രദേശങ്ങളില്‍ ഈ മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ പൊഴികളില്‍ നിന്നും അഴിമുഖങ്ങളില്‍ നിന്നും മത്സ്യബന്ധനത്തിനായി ചെറിയ യാനങ്ങളില്‍ കടലിലേക്ക് പുറപ്പെടാന്‍ പാടുള്ളതല്ല. കടല്‍ പ്രക്ഷുബ്ധമായിരിക്കും.