കല്ലട ബസ്സിന്റെ സ്പീഡ് ഗവേർണർ വിച്ഛേദിച്ച നിലയിൽ, ടയറുകളിൽ തേയ്മാനം
കൊച്ചി: മാടവനയിൽ കല്ലട ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയിൽ ഗുരുതര കണ്ടെത്തൽ. കല്ലട ബസിന്റെ സ്പീഡ് ഗവേർണർ വിച്ഛേദിച്ച നിലയിലായിരുന്നുവെന്ന് എംവിഡി കണ്ടെത്തി. ടയറുകളിൽ തേയ്മാനം കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല, ബസ് അമിത വേഗത്തിലായിരുന്നെന്നും മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തി.
ബെംഗളുരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കല്ലട ബസ്സാണ് ജൂൺ 23ന് രാവിലെ അപകടത്തില്‍പ്പെട്ടത്. അപകടത്തിൽ ഒരാൾ മരിച്ചിരുന്നു. ബൈക്ക് യാത്രികനായ ഇടുക്കി വാഗമണ്‍ സ്വദേശി ജിജോ സെബാസ്റ്റ്യനാണ് മരിച്ചത്. ഇടപ്പള്ളി- അരൂര്‍ ദേശീയ പാത ബൈപ്പാസില്‍ വച്ച് ബസ് സിഗ്‌നല്‍ പോസ്റ്റിലിടിച്ച് ബൈക്കിന് മുകളിലേക്ക് മറിയുകയായിരുന്നു. ജിജോ സിഗ്‌നല്‍ കാത്തുനില്‍ക്കുകയായിരുന്നു. കൊച്ചിയിലെ വസ്ത്രാലയത്തില്‍ ജീവനക്കാരനാണ് മരിച്ച ജിജോ സെബാസ്റ്റ്യന്‍.
സംഭവത്തിൽ ഡ്രൈവർ തമിഴ്‌നാട് തെങ്കാശി സ്വദേശി പാല്‍പ്പാണ്ടിക്കെതിരെ മനപൂർവ്വമായ നരഹത്യക്ക് കേസെടുത്തു. അമിതവേഗത്തിൽ ബസ്സ് ഓടിച്ചു വന്ന് സഡൺ ബ്രേക്ക് ഇട്ടതാണ് അപകടകാരണമെന്നാണ് എഫ്ഐആറിൽ പറയുന്നത്. ക്രെയിനുപയോഗിച്ചാണ് ബസ് ഉയർത്തിയത്. മറിഞ്ഞ ബസ് റോഡിന് കുറുകെയാണ് കിടന്നിരുന്നത്.