കാക്കടവ് തടയണ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകും: മന്ത്രി റോഷി അഗസ്റ്റിന്‍
ചീമേനി : കാക്കടവ് തടയണ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നാടിന് സമര്‍പ്പിച്ചു. എല്ലാ വേനല്‍ കാലത്തും ജലക്ഷാമം പരിഹരിക്കാനായി നിര്‍മ്മിക്കുന്ന താത്ക്കാലിക തടയണകള്‍ പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്ന് കണ്ടപ്പോള്‍ സ്ഥിരം തടയണ നിര്‍മ്മിച്ചതെന്നും കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനും ജലസേചനത്തിനും അനുയോജ്യമായ പദ്ധതിയാണിതെന്നും മന്ത്രി പറഞ്ഞു. ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതിക്ക് കീഴില്‍ ഹോസ്ദുര്‍ഗ്ഗ് താലൂക്ക് കയ്യൂര്‍ ചീമേനി പഞ്ചായത്തിലും ഏഴിമല നാവിക അക്കാദമിക്കുമായി കാര്യങ്കോട് പുഴക്ക് കുറുകെയാണ് കാക്കടവ് തടയണ നിര്‍മ്മിച്ചത്. 4.5 മീറ്റര്‍ ഉയരത്തിലും 90 മീറ്റര്‍ നീളത്തിലും 10 കോടി ചിലവഴിച്ച് നിര്‍മ്മിച്ച തടയണ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു. കാക്കടവ് തടയണയുടെ ഉദ്ഘാടനം ഓണ്‍ലൈനിലൂടെ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ചീമേനി സര്‍വ്വീസ് സഹകരണ ബാങ്ക് പരിസരത്ത് നടന്ന ചടങ്ങില്‍ എം.രാജഗോപാലന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ച് ശിലാഫലകം അനാച്ഛാദനം ചെയ്തു. കേരള വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ കെ.സുദീപ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.ഷീബ, പഞ്ചായത്ത് മെമ്പര്‍മാരായ കെ.ശശികല, പി.സുജയ, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ കെ.ബാലകൃഷ്ണന്‍, എ.ജയറാം, ചാക്കോ തെന്നിപ്ലാക്കല്‍, സി.രാജീവന്‍, ടി.വി.വിജയന്‍ മാസ്റ്റര്‍, ജീവനക്കാരുടെ സംഘടന പ്രതിനിധികളായ കെ.ബിജു, മെറിന്‍ ജോണ്‍ എന്നിവര്‍ സംസാരിച്ചു. കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇന്‍ചാര്‍ജ്ജ് എം.ശാന്ത സ്വാഗതവും കേരള വാട്ടര്‍ അതോറിറ്റി ഉത്തരമേഖല അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ സ്മിത നാരായണന്‍ നന്ദിയും പറഞ്ഞു.