കൈതപ്രം വെടിവെപ്പ് കേസ് :കൊല്ലപ്പെട്ടയാളുടെ ഭാര്യയുടെ മൊഴിയെടുത്തു

കണ്ണൂർ : കൈതപ്രത്തെ രാധാകൃഷ്ണനെ വെടിവെച്ചു കൊന്ന സംഭവത്തിൽ പരിയാരം പോലീസ് ഭാര്യ മിനി നമ്പ്യാരുടെ മൊഴിയെടുത്തു. പരിയാരം ഇൻസ്പെക്ടർ എം.പി.വിനീഷ്‌കുമാറിന്റെ നേതൃത്വത്തിൽ വനിതാ പോലീസ് ഉൾപ്പെടെയുള്ള പോലീസ് സംഘം കൈതപ്രത്തെ വാടകവീട്ടിലെത്തിയാണ് മൊഴിയെടുത്തത്.കേസിലെ പ്രതിയായ സന്തോഷിനെ ചോദ്യംചെയ്തതിലൂടെയും ഇരുവരും തമ്മിൽ നടത്തിയ ഫോൺവിളികൾ സംബന്ധിച്ച സിഡിആർ വിവരങ്ങൾ പോലീസ് പരിശോധിച്ചതിന്റെയും അടിസ്ഥാനത്തിലാണ് മൊഴിയെടുത്തത്.വെള്ളിയാഴ്ചയാണ് പോലീസിന് ഫോൺവിളികൾ സംബന്ധിച്ച സിഡിആർ ലഭിച്ചത്. മൂന്നുമാസത്തെ വിവരങ്ങളാണ് ലഭിച്ചത്.കൊലപാതകത്തിനുമുമ്പും ശേഷവും സന്തോഷും മിനി നമ്പ്യാരും ഫോണിൽ ബന്ധപ്പെട്ടതായി വ്യക്തമായതായാണ് വിവരം. ഇവരുടെ അതിരുകടന്ന സൗഹൃദം സംബന്ധിച്ച വിവരങ്ങൾ പോലീസ് തേടിയിട്ടുണ്ട്. ഇതുസംബന്ധിച്ച് മുൻപ് നിലവിലുള്ള പരാതികളും പോലീസ് ഒത്തുനോക്കിയിട്ടുണ്ട്. മിനി നമ്പ്യാരെ കേസിൽ പ്രതിയാക്കുമോയെന്ന് വ്യക്തമല്ല. ശനിയാഴ്ച ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് വിവരം. തെളിവെടുപ്പിനായി കസ്റ്റഡിയിൽ ലഭിച്ച പ്രതി സന്തോഷിനെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.