ഓള പരപ്പിലെ പോരാട്ടത്തിനായി മാമ്മൂടനിൽ ഇക്കുറി കൈനകരി സെന്റ് മേരീസ് ബോട്ട് ക്ലബ്.

0

 

തലവടി:ഏതൊരു വള്ളംകളി പ്രേമിയുടെയും മനസ്സില്‍ മത്സരാവേശത്തിന്റെ അത്ഭുത കാഴ്ചകള്‍ നിറച്ച് വിജയങ്ങള്‍ നേടിയിട്ടുള്ള ഇരുട്ടുക്കുത്തി വിഭാഗത്തിലുള്ള മാമ്മൂടനിൽ നെഹ്‌റു ട്രോഫി മത്സരത്തിൽ കൈനകരി സെന്റ് മേരീസ് ബോട്ട് ക്ലബ് തുഴതെറിയും.ഇതു സംബന്ധിച്ച കരാർ ടീം അംഗങ്ങള്‍ അഡ്വ. മാമ്മൂട്ടിൽ ഉമ്മൻ എം.മാത്യുവുമായി കൈമാറി.

നാല് പതിറ്റാണ്ടുകളായി മത്സര രംഗത്ത് ഉള്ള മാമ്മൂടൻ പുതുക്കി പണിത 2019 ആഗസ്റ്റ് 19ന് ആണ് നീരണിഞ്ഞത്.കന്നി പോരാട്ടത്തിൽ തന്നെ ഉജ്ജ്വലമായ പ്രകടനം കാഴ്ചവെച്ച് കുമരകം ശ്രീ നാരായണ ട്രോഫി ടീം സ്റ്റാറിലൂടെ സ്വന്തമാക്കി. പിന്നീട് മിന്നും വിജയങ്ങളുടെ തുടർക്കഥ.

2023 ൽ ചരിത്രപ്രസിദ്ധമായ ചമ്പക്കുളം ജലോത്സവത്തില്‍ ഇരുട്ടുകുത്തി എ ഗ്രേഡ് വിഭാഗത്തിൽ മാമ്മൂടൻ ആണ് ജേതാവ് ആയത്.ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനുള്ള സമ്മാനം മാമ്മൂടൻ വള്ളത്തിൻ്റെ ക്യാപ്റ്റൻ മാസ്റ്റർ റയാൻ പാലത്തിങ്കൽ ഏബ്രഹാം(5) കരസ്ഥമാക്കി.

2018 മാർച്ച്‌ 12ന് ഉളികുത്തിയ മാമ്മൂടൻ മുൻപ് പലപ്പോഴും ചെറിയ തോതില്‍ പുതുക്കിയിട്ടുണ്ട്.മുഖ്യമായും വള്ളത്തിന്‍റെ പിടിപ്പ് കൂട്ടിയും കൂടാതെ അമരചുരുളിന്‍റെ ഭാഗത്ത് അകലം കൂട്ടിയും വള്ളത്തിന്‍റെ വില്ല് പൂര്‍ണ്ണമായും പുതുക്കിയും വള്ളത്തിന്‍റെ മധ്യഭാഗത്ത് വീതി ഉള്ള പലക ചേര്‍ത്തുമാണ് ഒടുവിൽ പുതിക്കിയിരിക്കുന്നത്.മുപ്പത്തി ഒന്നേകാൽ കോല്‍ നീളവും ,46 അംഗുലം വീതിയും ഉള്ള മാമ്മൂടനില്‍ 51 തുഴക്കാരും 3 അമരക്കാരും ,3 നിലയാളുകളും ഉണ്ട്.കോവിൽമുക്ക് സാബു നാരായണന്‍ ആചാരിയാണ്‌ മുഖ്യ ശില്പി .

നീരണിയലിന്റെ 40-ാം വാർഷികം ആഘോഷിക്കാൻ ഉള്ള തയ്യാറെടുപ്പിലാണ് മാമ്മൂടൻ വള്ളം ഫാൻസ് അസോസിയേഷന്‍ അംഗങ്ങൾ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *