കാഫിർ സക്രീൻ ഷോട്ട് വിവാദത്തില്‍ ഭീകരപ്രവർത്തനങ്ങൾക്ക് സമാനമായ സിപിഎമ്മിനെതിരെ നടപടിയുമായി വിഡി സതീശൻ

0

പാലക്കാട് : വടകരയിലെ കാഫിര്‍ സ്ക്രീൻഷോട്ട് വിവാദത്തില്‍ സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഭീകര പ്രവര്‍ത്തനത്തിന് സമാനമായ കാര്യമാണ് വടകരയിലുണ്ടായതെന്നും പിന്നില്‍ ആരെന്ന് പൊലീസിന് അറിയാമെന്നും വിഡി സതീശൻ പറഞ്ഞു. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സമാനമായ സിപിഎമ്മിന്‍റെ നടപടിയാണ് കാഫിര്‍ സ്ക്രീൻ ഷോട്ടിന് പിന്നിലെന്നും വിഡി സതീശൻ ആരോപിച്ചു. മുൻ എംഎല്‍എ കെകെ ലതിക ഉള്‍പ്പെടെയുള്ള ഉന്നത സിപിഎം നേതാക്കളുടെ പങ്ക് വ്യക്തമാണെന്നും പിന്നില്‍ ആരാണെന്ന് പൊലീസിന് അറിയാമെങ്കിലും പൊലീസ് പറയില്ലെന്നും വിഡി സതീശൻ പറഞ്ഞു. യഥാര്‍ത്ഥ പ്രതികളെ പുറത്ത് എത്തിക്കും വരെ നിയമപോരാട്ടം തുടരുമെന്നും വിഡി സതീശൻ പറഞ്ഞു.

അതേസമയം,കാഫിർ പോസ്റ്റ്‌ ഇടതു സൈബർ ഇടങ്ങളിൽ നിന്നും പ്രചരിപ്പിക്കപ്പെട്ടതാണെന്നു തെളിഞ്ഞതായി കേസിൽ പ്രതി ചേർക്കപ്പെട്ട യൂത്ത് ലീഗ് പ്രവർത്തകൻ കാസിം പറഞ്ഞു. റെഡ് എൻകൗണ്ടർ എന്ന ഗ്രൂപ്പിൽ പോസ്റ്റ്‌ ഷെയർ ചെയ്ത റിബേഷ് ഡിവൈഎഫ്ഐ നേതാവാണ്. ചോദ്യം ചെയ്ത ഒരാളെ പോലും പോലീസ് പ്രതിയാക്കിയിട്ടില്ല. പൊലീസ് കാണിക്കുന്ന ഈ നിഷ്‌ക്രിയത്വം ദൗർഭാഗ്യകരമാണ്. ഇനി കോടതിയിൽ മാത്രമാണ് പ്രതീക്ഷ. കാഫിർ പോസ്റ്റ്‌ നിർമിച്ചത് ആരാണെന്ന് കണ്ടെത്തുന്നത് വരെ നിയമപരമായി മുന്നോട്ട് പോകുമെന്നും കാസിം വ്യക്തമാക്കി.

വിവാദത്തിൽ വടകരയിലെ പോലീസിനെ വിമർശിച്ച് കോഴിക്കോട് ഡിസിസി പ്രസിഡന്റ്‌ കെ. പ്രവീൺ കുമാറും രംഗത്ത് വന്നു. ഇരയായിട്ടുള്ള മുഹമ്മദ്‌ കാസിമിന്റെ പരാതിയിൽ ഇതുവരെ പൊലീസ് കേസ് എടുത്തിട്ടില്ല. പൊലീസ് ഹൈകോടതിയിൽ സമർപ്പിച്ച അഫിഡവിറ്റിൽ ഇടതു പാർട്ടിയുടെ ഗ്രൂപ്പുകളിലാണ് പോസ്റ്റ്‌ പ്രത്യക്ഷപെട്ടതെന്ന് പറയുന്നുണ്ട്. കേസ് അട്ടിമറിക്കാനാണ് പൊലീസിന്റെ ഇപ്പോഴത്തെ നീക്കം. ഗ്രൂപ്പിന്റെ അഡ്മിൻമാരെ ഇതുവരെ കസ്റ്റഡിയിൽ എടുത്തില്ല. വടകരയിലെ പൊലീസ് ആരെയോ പേടിക്കുന്നുണ്ട്. സിപിഎമ്മിന്റെ പോഷക സംഘടനയെ പോലെയാണ് വടകരയിലെ പൊലീസ് ഈ വിഷയത്തിൽ ഇടപെട്ടത്. ഇതിനു പിന്നിൽ സി പി എമ്മിന്റെ ഉന്നത നേതാക്കളാണെന്നും ഡിസിസി പ്രസിഡൻ്റ് ആരോപിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *