കാപ്പാ കേസ് പ്രതിക്ക് മാലയിട്ട് സ്വീകരണം: മന്ത്രിയും ജില്ലാനേതൃത്വവും വെട്ടില്‍
പത്തനംതിട്ട: കാപ്പ ലംഘിച്ചതിൻ്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട് റിമാൻ്റ് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതിക്ക് അംഗത്വം നൽകി സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി. മലയാലപ്പുഴ സ്വദേശി ശരൺ ചന്ദ്രനെയാണ് സിപിഐഎമ്മിലേക്ക് സ്വീകരിച്ചത്. മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്ത സ്വീകരണ പരിപാടിയിൽ സിപിഐഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവാണ് ശരൺ ചന്ദ്രനെ മാലയിട്ട് സ്വീകരിച്ചത്.
പത്തനംതിട്ട കുമ്പഴയിലാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചത്. കഴിഞ്ഞ വർഷം കേസില്‍പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത ശരൺ ചന്ദ്രനെ അന്ന് കാപ്പ 15(3) പ്രകാരം താക്കീത് നൽകി വിട്ടയച്ചിരുന്നു. കുറ്റകൃത്യത്തിൽ ഏർപ്പെടരുത് എന്ന താക്കീത് നൽകിയായിരുന്നു ശരണിനെ വിട്ടയച്ചത്. ശേഷം പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ ശരൺ ചന്ദ്രനെതിരെ 308 വകുപ്പ് പ്രകാരം ഒരു കേസ് രജിസ്ട്രർ ചെയ്യപ്പെട്ടു. ഇതോടെ കാപ്പ ലംഘിച്ചെന്ന പേരിൽ മലയാലപ്പുഴ പൊലീസ് ശരൺ ചന്ദ്രനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് ജാമ്യം ലഭിച്ചു.
ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശരൺ ചന്ദ്രനെ 308 വകുപ്പ് പ്രകാരം കേസിൽ അറസ്റ്റ് ചെയ്തു .കോടതി പ്രതിയെ റിമാൻ്റ് ചെയ്തു. കഴിഞ്ഞ ജൂൺ 23 ന് റിമാൻ്റ് കാലാവധി കഴിഞ്ഞ് ശരൺ ചന്ദ്രൻ പുറത്തിറങ്ങി. തുടർന്നാണ് സിപിഐഎം ജില്ലാ നേതൃത്വം പാർട്ടി അഗത്വം നൽകിയത്. പത്തനംതിട്ട കുമ്പഴയിൽ നടന്ന സ്വീകരണ പരിപാടി മന്ത്രി വീണാ ജോർജ്ജാണ് ഉദ്ഘാടനം ചെയ്തത്.
കാപ്പ 15(3) പ്രകാരം അറസ്റ്റിലായി റിമാൻ്റ് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതിക്ക് പാർട്ടി അംഗത്വം നൽകിയതില്‍ വെട്ടിലായിരിക്കുകയാണ് സിപിഐഎം പത്തനംതിട്ട ജില്ലാ നേതൃത്വം. ശരൺ ചന്ദ്രനടക്കം 60 പേർക്കാണ് കുമ്പഴയിലെ സ്വീകരണ യോഗത്തിൽ പാർട്ടി അംഗത്വം നൽകിയത്