ഗുണ്ടാവിളയാട്ടം അനുവദിക്കില്ല : നാടുകടത്തല്‍ ലംഘിച്ച് എത്തിയവര്‍ ജയിലിലേക്ക്

0
CRIME KOLL

കൊല്ലം : നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുകയും കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് (പ്രിവന്‍ഷന്‍) ആക്ട് (കാപ്പ) പ്രകാരം കൊല്ലം ജില്ലയില്‍ പ്രവേശിക്കുന്നതില്‍നിന്ന് വിലക്കേര്‍പ്പെടുത്തി നാടുകടത്തിയിരുന്ന മൂന്നു പ്രധാന കുറ്റവാളികള്‍, വിലക്ക് ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ചതിനെത്തുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെടുകയും തടങ്കലിലാവുകയും ചെയ്തു. പോലീസിന്റെ പ്രത്യേക നിരീക്ഷണ സംവിധാനമാണ് കാപ്പ നിയമപ്രകാരം നാടുകടത്തപ്പെട്ട പ്രതി ജില്ലയുടെ അതിര്‍ത്തി കടന്ന് രഹസ്യമായി പ്രവേശിച്ചത് കണ്ടെത്തിയത്. കൊല്ലം താലൂക്കില്‍ മങ്ങാട് വില്ലേജില്‍ ചാത്തിനാംകുളം വയലില്‍ പുത്തന്‍വീട്ടില്‍ പ്രദീപ് മകന്‍, കുക്കു എന്ന ദീപക്ക് (24), കരുനാഗപ്പള്ളി കുലശ്ശേഖരപുരം കുന്നേല്‍വടക്കതില്‍ സലീം മകന്‍ ഹുസൈന്‍(31), കടപ്പാക്കട പാരിപ്പള്ളിപടിഞ്ഞാറ്റതില്‍വീട്ടില്‍ വിക്രമന്‍ മകന്‍ പട്ടര് എന്ന് വിളിക്കുന്ന വിഷ്ണു (33) എന്നിവരാണ് പോലീസ് പിടിയിലായത്.

സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളെ കര്‍ശനമായി തടയുന്നതില്‍ കാപ്പ നിയമത്തിന്റെ പ്രാധാന്യം ഉറപ്പിക്കുകയും, നിയമം ലംഘിക്കുന്നവര്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്ന നടപടിയായി ഇതിനെ കണക്കാക്കാം. കിളികൊല്ലൂര്‍, കരുനാഗപ്പള്ളി, കൊല്ലം ഈസ്റ്റ് എന്നി പോലീസ് സ്റ്റേഷനുകളിലായാണ് ഇവര്‍ക്കെതിരെ കാപ്പാ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്. സ്ഥിരമായി ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട് പൊതുജനങ്ങളുടെ സൈ്വര ജീവിതത്തിന് ഭീഷണിയായി മാറിയതിനെ തുടര്‍ന്ന് കേരള സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) ആക്ട്, പ്രകാരം തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി യുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇവരെ ജില്ലയില്‍ പ്രവേശിക്കുന്നത് വിലക്കിയിരുന്നു. എന്നാല്‍ ഈ ഉത്തരവ് ലംഘിച്ചുകൊണ്ട് ഇവര്‍ വീണ്ടും കൊല്ലം ജില്ലയില്‍ പ്രവേശിച്ചു. തുടര്‍ന്ന് കാപ്പാ നിയമപ്രകാരം ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും. ബഹുമാനപ്പെട്ട കോടതി പ്രതികളെ റിമാന്റ് ചെയ്യുകയും ചെയ്യ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *