കഅബയുടെ 77-ാമത് സൂക്ഷിപ്പുകാരന്‍ അന്തരിച്ചു
പ്രവാചകൻ മുഹമ്മദ് നബിയുടെ അനുചരനായ ഉത്മാൻ ബിൻ തൽഹയുടെ 109-ാം പിൻഗാമിയാണ് അന്തരിച്ച ഷെയ്ഖ് സാലിഹ് ബിൻ സൈനുൽ ആബിദീൻ അൽ ഷൈബി. കഅബയുടെ 77-ാമത് സൂക്ഷിപ്പുകാരനാണ് ഷെയ്ഖ് സാലിഹ് അൽ ഷൈബി. 2013ലാണ് ഷെയ്ഖ് സാലിഹ് അൽ ഷൈബി കഅബയുടെ താക്കോൽ സൂക്ഷിപ്പുകാരനായി ചുമതലയേറ്റത്. പരമ്പരാഗതമായി കൈമാറി കിട്ടിയതാണ് വിശുദ്ധ കഅബയുടെ താക്കോൽ സൂക്ഷിപ്പ് ചുമതല.
പ്രവാചകൻ്റെ മക്ക വിജയത്തിന് ശേഷമാണ് അൽ ഷൈബി കുടുംബത്തിന് കഅബയുടെ കാവൽ ചുമതല ലഭിക്കുന്നത്. കഅബയുടെ ശുചീകരണം, കഴുകൾ, കിസ്വ നന്നാക്കൽ, മാറ്റൽ തുടങ്ങി മുഴുവൻ പരിചരണ ചുമതലയും അൽ ഷൈബി കുടുംബത്തിനാണ്.
മക്കയിലാണ് ഷെയ്ഖ് സാലിഹ് അൽ ഷൈബി ജനിച്ചത്. ഇസ്ലാമിക പഠനത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിട്ടുണ്ട്. യൂണിവേഴ്സിറ്റി പ്രൊഫസറായി പ്രവർത്തിച്ചിട്ടുണ്ട്. വിരമിച്ച ശേഷം മതത്തേയും ചരിത്രത്തേയും കുറിച്ച് നിരവധി പുസ്തകങ്ങളാണ് എഴുതിയിട്ടുള്ളത്