കർണാടകയില്‍ കോണ്‍ഗ്രസ് തരംഗം: മൂന്നിടത്തും കോണ്‍ഗ്രസിന് ജയം
ബെംഗളൂരു:കര്‍ണാടക നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മിന്നും വിജയം. ഉപതിരഞ്ഞെടുപ്പ് നടന്ന ചന്നപട്ടണയും ഷിഗാവും കോണ്‍ഗ്രസ് പിടിച്ചെടുത്തു. സന്ദീര്‍ സിറ്റിംഗ് സീറ്റും കോണ്‍ഗ്രസ് നിലനിര്‍ത്തി. ചന്നപട്ടണയിൽ സി പി യോഗേശ്വറും ഷിഗാവിൽ യൂസഫ് ഖാൻ പത്താനും സന്തൂറിൽ ഇ അന്നപൂർണയുമാണ് ജയിച്ചത്. ചന്നപ്പട്ടണയില്‍ മത്സരിച്ച മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ കൊച്ചുമകനും കേന്ദ്ര മന്ത്രി കുമാരസ്വാമിയുടെ മകനുമായ നിഖില്‍ കുമാരസ്വാമി തോറ്റു. ബസവരാജ് ബൊമ്മെയുടെ മകന്‍ ഭരത് ബൊമ്മെയും തോല്‍വി ഏറ്റുവാങ്ങി. ഭരത് കന്നി അങ്കത്തിലും നിഖിൽ മൂന്നാം അങ്കത്തിലുമാണ് പരാജയം രുചിച്ചത്.
അച്ഛന്മാരുടെ സിറ്റിംഗ് സീറ്റുകളിലാണ് ഇരുവരും തോറ്റത്. 2019ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സുമലത അംബരീഷിനോട് മാണ്ടിയയിലും 2023ല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ രാമനഗരയിലും നിഖിൽ തോറ്റിരുന്നു. മുഡ അഴിമതി ആരോപണം അടക്കം കോടികളുടെ അഴിമതി ആരോപണം നേരിടുന്ന കർണാടകയിലെ സിദ്ധരാമയ്യ സർക്കാരിനെ സംബന്ധിച്ചിടത്തോളം വൻ ആശ്വാസമാണ് കോൺഗ്രസിന് അനുകൂലമായ ജനവിധി.
കോൺഗ്രസിന്റെ ഗ്യാരണ്ടി പദ്ധതികൾക്കും സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള സർക്കാരിനും ജനം നൽകിയ അംഗീകാരമാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് കെപിസിസി അധ്യക്ഷൻ ഡികെ ശിവകുമാർ പ്രതികരിച്ചു . ഉപതിരഞ്ഞെടുപ്പ് വിജയത്തോടെ 224 അംഗ നിയമസഭയിൽ കോൺഗ്രസിന്റെ അംഗ ബലം 138 ആയി ഉയർന്നു