പ്രമാദമായ കേസുകളിൽ തുമ്പുണ്ടാക്കിയ അമ്മു ഓർമ്മയായി: ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം
വയനാട്: ക്രമസമാധാന പാലനത്തിനായി പ്രത്യേക പരിശീലനം ലഭിച്ച അമ്മു എന്ന പൊലീസ് എക്സ്പ്ലോസീവ് സ്‌നിഫര്‍ ഡോഗ് ഓര്‍മയായി. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു ഒന്‍പത് വയസ്സുള്ള നായയുടെ അന്ത്യം. ഔദ്യോഗിക ബഹുമതികളോടെ വയനാട് ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ സംസ്‌കാര ചടങ്ങുകള്‍ നടത്തി. വയനാട് ജില്ല പൊലീസ് മേധാവി തപോഷ് ബസുമതാരി ഐ പി എസിന്റെ നേതൃത്വത്തില്‍ അന്തിമോപചാരം അര്‍പ്പിച്ചു.
നിരവധി പ്രമാദമായ കേസുകളുടെ അന്വേഷണത്തില്‍ തുമ്പുകണ്ടെത്താനായി ‘അമ്മു’ പൊലീസിനെ സഹായിച്ചിട്ടുണ്ട്. ജില്ലയിലെ K9 സ്‌ക്വാഡില്‍ സേവനമനുഷ്ഠിച്ചു വരികയായിരുന്നു. 2017 ല്‍ നടന്ന കേരള പൊലീസ് ഡ്യൂട്ടി മീറ്റില്‍ എക്സ്പ്ലോസീവ് സ്നിഫിങ്ങില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു അമ്മു. 2018 ല്‍ ഓള്‍ ഇന്ത്യ പൊലീസ് ഡ്യൂട്ടി മീറ്റിലും പങ്കെടുത്തിട്ടുണ്ട്. സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ കെ സുധീഷ്, പി ജിതിന്‍ എന്നിവരായിരുന്നു അമ്മുവിന്റെ പരിശീലകര്‍.