കെ.വി തോമസിന് മാസം പത്തു മുപ്പത് ലക്ഷം രൂപയാ കിട്ടുന്നെ, ഇതൊക്കെ പുഴുങ്ങിത്തിന്നുമോ? ‘: ജി. സുധാകരൻ

ആലപ്പുഴ :ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി. തോമസിനെതിരെ തുറന്നടിച്ച് മുതിർന്ന സി.പി.ഐ.എം നേതാവ് ജി. സുധാകരൻ. പഴയ കോൺഗ്രസുകാരനായ തോമസിന് മാസം പത്തുമുപ്പത് ലക്ഷം രൂപയാണ് കിട്ടുന്നതെന്നും ഇതൊക്കെ കൊണ്ടുപോയി പുഴുങ്ങിത്തിന്നുമോ എന്നും അദ്ദേഹം ചോദിച്ചു. അയാൾ ഫ്ലൈറ്റിൽ പോയി വരുന്നതിന് ചെലവുണ്ടാകും. മാസം 10 തവണ ഡൽഹിയിൽ പോയി വരുന്നതിന് എത്ര ചെലവ് വരും. അതോ ദിവസവും പോയി വരുന്നുണ്ടോ? – ആലപ്പുഴയിൽ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ സുധാരകരൻ ചോദിച്ചു.
സി.പി.ഐ.എമ്മിൽ ചില നേതാക്കൾ പ്രായം മറച്ചുവെച്ച് പ്രവർത്തിക്കുന്നുണ്ടെന്നും സുധാകരൻ പറഞ്ഞു. മാസങ്ങളുടെ വ്യത്യാസത്തിൽ പദവികളിൽ തുടരുന്നവരുണ്ട്. രണ്ടോ മൂന്നോ മാസം വ്യത്യാസമുള്ളവർ മൂന്ന് വർഷത്തോളം വീണ്ടും പദവിയിൽ തുടരാനാവും. എപ്പോൾ 75 വയസ് കഴിയുന്നോ അപ്പോൾ പദവികളിൽ നിന്ന് ഒഴിയണമെന്നും സുധാകരൻ പറഞ്ഞു.ടി പി രാമകൃഷ്ണനും ഇ പി ജയരാജനും അടുത്ത മാസങ്ങളിലായി 75 വയസ് തികയുന്നവരാണ്. എന്നാൽ അവരെല്ലാം തന്നെ സംസ്ഥാന സെക്രട്ടറിയേറ്റിലും കേന്ദ്രകമ്മിറ്റിയിലും ഇപ്പോഴും തുടരുന്നു. അതുകൊണ്ടു തന്നെ അവർക്ക് 78 വയസുവരെ സംസ്ഥാന സെക്രട്ടറിയേറ്റിൽ തുടരാൻ സാധിക്കും. പക്ഷെ താൻ സംസ്ഥാന കമ്മിറ്റിയിൽ അംഗമായിരിക്കെയാണ് 75 വയസെന്ന പ്രായപരിധിക്ക് മുന്നേ തന്നെ സ്ഥാനം ഒഴിഞ്ഞത്. ബ്രാഞ്ചിൽ പ്രവർത്തിച്ചാണ് ഇതുവരെ വന്നത് അദ്ദേഹം പറഞ്ഞു. പിണറായി വിജയൻ മൂന്നാം തവണയും മുഖ്യമന്ത്രി ആയാൽ സന്തോഷം മാത്രമാണ് ഉള്ളത്. പിണറായി തന്നെ ഭരിക്കണമെന്നാണ് പാർട്ടി വിലയിരുത്തൽ. അതിൽ ഒരു വിയോജിപ്പും തനിക്ക് ഇതുവരെ തോന്നിയിട്ടില്ല ജി സുധാകരൻ വ്യക്തമാക്കി.
30 ലക്ഷം രൂപ തനിയ്ക്ക് ലഭിക്കുന്നുണ്ടെന്ന് തെളിയിച്ചാൽ 25 ലക്ഷം ജി സുധാകരന് നൽകാ0:കെ വി തോമസ്
ജി സുധാകരന് മറുപടിയുമായി കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ്. തനിക്ക് അർഹതപ്പെട്ട പെൻഷനാണ് ലഭിക്കുന്നത്. തനിക്കുള്ളത് ഒരു ലക്ഷം രൂപയുടെ ഓണറേറിയം. പ്രതിമാസം 30 ലക്ഷം രൂപ തനിയ്ക്ക് ലഭിക്കുന്നുണ്ടെന്ന് തെളിയിച്ചാൽ 25 ലക്ഷം ജി സുധാകരന് നൽകാമെന്നും കെ വി തോമസ് പറഞ്ഞു.
താൻ ഇപ്പോഴും ഒരു കോൺഗ്രസ് കാരനാണ്. കൊല്ലം സമ്മേളനത്തിന് താൻ പോയില്ല.താൻ സിപിഐഎം അംഗത്വം എടുത്തിട്ടില്ല.ജി സുധാകരന്റെ നിലവിലെ മൈൻഡ് സെറ്റ് തങ്ങൾക്ക് എല്ലാവർക്കും അറിയാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.