കെ റൈസിന്റെ വിൽപ്പന ഇന്ന് ആരംഭിക്കും.
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ഭാരത് റൈസിന് ബദലായി സംസ്ഥാന സർക്കാർ വിപണിയിലിറക്കുന്ന കെ റൈസിന്റെ വിൽപ്പന ഇന്ന് ആരംഭിക്കും. ഉച്ചയ്‌ക്ക് 12 മണിക്ക് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ വിതരണോദ്ഘാടനം നിർവഹിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ആദ്യ വില്പന നടത്തും. ശബരി കെ-റൈസ് കിലോയ്‌ക്ക് 29 രൂപയ്‌ക്കും മട്ട, കുറുവ ഇനങ്ങളിലെ അരി കിലോയ്‌ക്ക് 30 രൂപ നിരക്കിലും വിതരണം ചെയ്യും. തിരുവനന്തപുരത്ത് ജയ അരിയും കോട്ടയം, എറണാകുളം മേഖലയില്‍ മട്ട അരിയും, പാലക്കാട്, കോഴിക്കോട് മേഖലയില്‍ കുറുവ അരിയുമാകും വിതരണത്തിനെത്തുക.ശബരി കെ റൈസ് എന്ന ബ്രാൻഡിൽ സപ്ലൈകോ സ്റ്റോറുകൾ വഴിയാണ് സർക്കാർ അരി വിതരണം ചെയ്യുന്നത്. ഓരോ റേഷൻ കാർഡിനും ഒരു മാസം അഞ്ച് കിലോ വീതം അരി നൽകാനാണ് ഭക്ഷ്യ വകുപ്പിന്റെ തീരുമാനം. ഏത് അരി ഇനം വേണമെന്ന് ഉപഭോക്താക്കൾക്ക് തീരുമാനിക്കാം.