കെ–റെയിൽ നടപ്പാക്കാൻ തയ്യാർ, സാങ്കേതിക–പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിക്കണം; അശ്വിനി വൈഷ്ണവ്

0

 

തൃശൂർ ∙ സാങ്കേതിക–പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിച്ചാൽ കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷന്റെ (കെ–റെയിൽ) സിൽവർലൈൻ പദ്ധതിയുടെ അംഗീകാരത്തിനും തുടർനടപടികൾക്കും കേന്ദ്രം സന്നദ്ധമാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. എൻഡിഎ സർക്കാർ സഹകരണ ഫെഡറലിസത്തിൽ വിശ്വസിക്കുന്നുവെന്നും റെയിൽവേ വികസനത്തിൽ കേന്ദ്രവും കേരളവും പരസ്പര സഹകരണത്തോടെ മുന്നോട്ടു പോകണമെന്നും തൃശൂർ റെയിൽവേ സ്റ്റേഷന്‍ സന്ദർശനത്തിനു ശേഷം അദ്ദേഹം പറഞ്ഞു. പുതുക്കി നിർമിക്കുന്ന സ്റ്റേഷന്റെ അന്തിമരൂപരേഖ വിലയിരുത്തുന്നതിനും മറ്റു പരിശോധനകൾക്കും എത്തിയതായിരുന്നു കേന്ദ്രമന്ത്രി.

അങ്കമാലി–എരുമേലി ശബരി റെയിൽപാത യാഥാർഥ്യമാക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബന്ധരാണെന്നും മഹാരാഷ്ട്ര സർക്കാരിനു നൽകിയ ധാരണാപത്രത്തിന്റെ മാതൃക കേരളത്തിനു നൽകി തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര മന്ത്രി ജോർജ് കുര്യൻ, മുൻ കേന്ദ്രമന്ത്രിയും ബിജെപി ദേശീയ നിർവാഹക സമിതി അംഗവുമായ വി.മുരളീധരൻ, ബിജെപി ദേശീയസമിതി അംഗവും റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റി കമ്മിറ്റി ചെയർമാനുമായ പി.കെ. കൃഷ്ണദാസ്, ബിജെപി ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്കുമാർ, ജനറൽ സെക്രട്ടറി കെ.ആർ. ഹരി എന്നിവർ ഒപ്പമുണ്ടായിരുന്നു. ഡൽഹിയിലെ തിരക്കുകൾ കാരണം കേന്ദ്രമന്ത്രിയും സ്ഥലം എംപിയുമായ സുരേഷ് ഗോപി പങ്കെടുത്തില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *