കെ രാധാകൃഷ്ണൻ കൈകാര്യം ചെയ്ത വകുപ്പുകൾ ഇനി മുഖ്യമന്ത്രിക്ക്
തിരുവനന്തപുരം: കെ രാധാകൃഷ്ണൻ മന്ത്രിസ്ഥാനം രാജിവച്ചതോടെ അദ്ദേഹം കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ മുഖ്യമന്ത്രിക്ക്. പട്ടികജാതി വികസനം, ദേവസ്വം തുടങ്ങിയ പ്രധാന വകുപ്പുകളാണ് മുഖ്യമന്ത്രി ഏറ്റെടുത്തത്. ഇക്കാര്യം വ്യക്തമാക്കി സർക്കാർ വിജ്ഞാപനം പുറത്തിറങ്ങി.
കെ രാധാകൃഷ്ണൻ ഇന്നലെയാണ് മന്ത്രിസ്ഥാനം രാജിവെച്ചത്. ആലത്തൂരിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ച രാധാകൃഷ്ണൻ കോൺഗ്രസിന്റെ സിറ്റിങ് എംപി രമ്യാ ഹരിദാസിനെ പരാജയപ്പെടുത്തിയാണ് വിജയിച്ചത്. ലോക്സഭാ എംപിയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് മന്ത്രിസ്ഥാനവും എംഎൽഎ സ്ഥാനവും രാധാകൃഷ്ണൻ രാജിവെച്ചത്. കേരളത്തിൽ വിജയിച്ച സിപിഎമ്മിന്റെ ഏക സ്ഥാനാർഥിയാണ് കെ രാധാകൃഷ്ണൻ. കെ രാധാകൃഷ്ണൻന്റെ രാജി ഗവർണർ അംഗീകരിച്ചു.
മന്ത്രി പദം ഒഴിയുന്നതിന് മുമ്പ് ചരിത്രപരമായ തീരുമാനം എടുത്തതുകൊണ്ടാണ് കെ രാധാകൃഷ്ണൻ രാജിവെച്ചത്. കോളനി എന്ന പേര് ഒഴിവാക്കും എന്നതായിരുന്നു മന്ത്രിയെന്ന നിലയിലെ അവസാന തീരുമാനം. നിലവില്‍ വ്യക്തികളുടെ പേരിലുള്ള സ്ഥലപ്പേര് മാറില്ല. മറിച്ച് അതിലെ കോളനി എന്ന പദം ഒഴിവാക്കാനാണ് തീരുമാനം. കോളനി, ഊര്, സങ്കേതം എന്നിവ ഒഴിവാക്കി പകരം നഗര്‍, ഉന്നതി, പ്രകൃതി എന്നിങ്ങനെ ഉപയോഗിക്കാനും തീരുമാനമുണ്ട്.
രാജിവയ്‌ക്കുന്നത് പൂര്‍ണ തൃപ്തനായാണ്. പരമാവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ഒരുവിധം എല്ലാം ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് തോന്നുന്നുവെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു. ‘കോളനി എന്ന പേര് എടുത്തുകളയണം. കോളനി എന്ന പദം അടിമത്തത്തിന്റേതാണ്. അത് മേലാളാന്‍മാര്‍ ഉണ്ടാക്കിയതാണ്. പേര് തന്നെ കേള്‍ക്കുമ്പോള്‍ അപകര്‍ഷതാബോധം തോന്നുന്നു. ആ പേര് ഇല്ലാതാക്കുകയാണ്. പകരം പേര് ആ പ്രദേശത്തുള്ളവര്‍ക്ക് പറയാം. പക്ഷെ വ്യക്തികളുടെ പേരില്‍ വേണ്ടെന്നാണ് കരുതുന്നത്’, എന്നും കെ രാധാകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു