കെ.കെ. രാഗേഷ് ,സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി

കണ്ണൂർ:കണ്ണൂർ സിപിഎമ്മിനെ ഇനി കെ.കെ. രാഗേഷ് നയിക്കും. രാജ്യസഭ മുന്‍ എംപിയായ രാഗേഷ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. കണ്ണൂര്‍ ജില്ല സെക്രട്ടറിയായിരുന്ന എം.വി ജയരാജനെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തിയതിനെത്തുടര്‍ന്നാണ് പുതിയ ആളെ കണ്ടെത്തേണ്ടി വന്നത്.
കണ്ണൂർ കാഞ്ഞിരോട്ടെ സി. ശ്രീധരൻ്റെയും കർഷക തൊഴിലാളിയായ കെ കെ യശോദയുടെയും മകനായ കെ കെ രാഗേഷ് മുഖ്യമന്ത്രി പിണറായി വിജയൻ്റെ വിശ്വസ്തനാണ്. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നിയമ ബിരുദവും നേടിയ രാഗേഷ് എസ്.എഫ്.ഐയുടെ അഖിലേന്ത്യ ജനറൽ സെക്രട്ടറിയായ ആദ്യ മലയാളിയായിരുന്നു. എസ്.എഫ്.ഐ.യുടെ ജില്ല പ്രസിഡൻ്റായും സെക്രട്ടറിയായും പ്രവർത്തിച്ച് സംസ്ഥാന നേതൃത്വത്തിലേക്കും അഖിലേന്ത്യ നേതൃത്വത്തിലേക്കും ഉയർന്നു.2015 ഏപ്രിലിൽ നടന്ന രാജ്യസഭ തെരഞ്ഞെടുപ്പിൽ ആണ് രാജ്യസഭ അംഗം ആയി തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ന് ചേര്‍ന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിലാണ് രാഗേഷിനെ ജില്ല സെക്രട്ടറിയായി തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചത്. നിവലില്‍ സിപിഎം സംസ്ഥാന സമിതി അംഗം കൂടിയാണ് രാഗേഷ്.