ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിനെ വിളിച്ചുവരുത്താന്‍ സുപ്രീം കോടതി കൊളീജിയം
ന്യൂഡല്‍ഹി: വിവാദ പരാമര്‍ശത്തില്‍ അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിനെ വിളിച്ചുവരുത്താന്‍ സുപ്രീം കോടതി കൊളീജിയം. ചൊവ്വാഴ്ച കൊളീജിയത്തിന് മുന്നില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയത്തിന് മുന്നില്‍ ഹാജരാകാനാണ് നിർദേശിച്ചത്. ഡിസംബര്‍ പത്തിന് യാദവ് നടത്തിയ പരാമര്‍ശങ്ങളില്‍ സുപ്രീം കോടതി ഹൈക്കോടതിയോട് വിശദാംശങ്ങള്‍ തേടിയിരുന്നു. വിശ്വഹിന്ദു പരിഷത്തിന്റെ ചടങ്ങിലായിരുന്നു ശേഖര്‍കുമാറിന്റെ വിദ്വേഷ പരാമര്‍ശം.
ഡിസംബര്‍ 13ന് 55 പ്രതിപക്ഷ എംപിമാര്‍ രാജ്യസഭയില്‍ യാദവിനെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ടും രംഗത്തെത്തിയിരുന്നു. 2026ല്‍ വിരമിക്കാനിരിക്കെയാണ് ശേഖര്‍ കുമാര്‍ യാദവ് വിവാദത്തിലായത്. വിശ്വഹിന്ദു പരിഷത്തിന്റെ ചടങ്ങിലായിരുന്നു അലഹബാദ് ഹൈക്കോടതി ജഡ്ജിയുടെ വിവാദ പരാമര്‍ശം. ഹൈക്കോടതിയുടെ ലൈബ്രറി ഹാളിലായിരുന്നു പരിപാടി നടന്നത്. ‘വഖഫ് ബോര്‍ഡ് നിയമവും മതപരിവര്‍ത്തനവും-കാരണങ്ങളും പ്രതിരോധവും’ എന്ന വിഷയത്തില്‍ വിഎച്ച്പി പ്രത്യേക സെമിനാറും സംഘടിപ്പിച്ചിരുന്നു.