ചെഗുവരെയുടെ പ്രസിദ്ധമായ വരി കുറിച്ചുവെന്നുമാത്രം, ദുർവ്യാഖ്യാനം വേണ്ട : എൻ സുകന്യ

കൊല്ലം :CPI(M)സംസ്ഥാന സമിതിയിൽ പ്രവേശനം നിഷേധിക്കപ്പെട്ടവർ സാമൂഹ്യ മാധ്യമത്തിലൂടെ പരസ്യ വിയോജിപ്പ് പ്രകടിപ്പിക്കുന്നതിനിടയിൽ മഹിളാ അസോസിയേഷൻ സംസ്ഥാന നേതാവ് എൻ സുകന്യയുടെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു. സംസ്ഥാന സമ്മേളനം അവസാനിച്ചതിന് പിന്നാലെ ഇന്നലെ വൈകീട്ടാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ എൻ. സുകന്യ നിലപാട് അറിയിച്ചത്.
‘ഓരോ അനീതിയിലും നീ കോപത്താൽ വിറക്കുന്നുണ്ടെങ്കിൽ നീ എന്‍റെ ഒരു സഖാവാണ്….. ചെഗുവേര’ (If you tremble with indignation at every injustice then you are a comrade of mine…..Cheguevara) എന്നാണ് സുകന്യ ഫേസ്ബുക്കിൽ കുറിച്ചത്. പിന്നീട് ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയായതിന് പിന്നാലെ വിശദീകരണവുമായി സുകന്യ രംഗത്തെത്തി.
മാധ്യമങ്ങൾ നടത്തുന്ന ദുർവ്യാഖ്യാനങ്ങളാണ് ഇതൊക്കെയെന്നും പാർട്ടി തനിക്ക് അർഹമായ പരിഗണന നൽകിയിട്ടുണ്ട്, തന്നാൽ കഴിയുന്ന വിധം പ്രവർത്തനം നടത്തുന്നുണ്ട് എന്നും സുകന്യ പറഞ്ഞു .
തന്റെ അതൃപ്തി ഫേസ്ബുക്കിലൂടെ രേഖപ്പെടുത്തിയിട്ടില്ല. സമ്മേളനവുമായി ബന്ധപ്പെട്ട് എടുത്ത ചിത്രമായത് കൊണ്ട് ഫേസ്ബുക്കിൽ അപ്ഡേറ്റ് ചെയ്‌തു. അതിൽ ചെഗുവേരയുടെ പ്രസിദ്ധമായ ഒരു വരി കൂട്ടിച്ചേർത്തു. ഒരു സഖാവ് എന്ന നിലയിൽ താൻ നെഞ്ചോട് ചേർത്തുപിടിക്കുന്ന ഒരു വാചകമാണിതെന്നും എൻ സുകന്യ പറഞ്ഞു