പ്രക്ഷോഭം തടയാൻ ‘ബിജെപി മോഡൽ’ പയറ്റി മമത; തടയാൻ കണ്ടെയ്നറുകൾ, 70 ശതമാനം റോഡുകളും അടച്ചു – വിഡിയോ

0

കൊൽക്കത്ത∙ ആർ.ജി.കർ മെഡിക്കൽ കോളജിൽ ബലാത്സംഗ കൊലപാതകത്തിന് ഇരയാക്കപ്പെട്ട വനിതാ ഡോക്ടർക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥി സംഘടന ആഹ്വാനം ചെയ്ത ‘നഭന്ന അഭിജാൻ’ പ്രതിഷേധ മാർച്ച് തടയാൻ വലിയ തയാറെടുപ്പുകളുമായി മമത സർക്കാർ. കർഷക പ്രക്ഷോഭം തടയാൻ റോഡിൽ കണ്ടെയ്നറുകളും ബാരിക്കേഡുകളും ഉപയോഗിച്ച ബിജെപി സർക്കാരിന്റെ മാതൃകയാണ് കൊൽക്കത്ത നഗരത്തിലും ഒരുക്കിയിരിക്കുന്നത്. പ്രതിഷേധ മാർച്ച് സെക്രട്ടേറിയറ്റിലേക്ക് എത്തുന്നതിന് മുൻപ് തടയാനായാണ് പൊലീസിന്റെ നീക്കം.‌

പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ച വിദ്യാർഥി സംഘടനയായ ‘പശ്ചിംബംഗ ഛത്രോ സമാജ്’, മാർച്ച് സമാധാപരമായിരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാൽ മാർച്ചിനിടെ വ്യാപകമായി അക്രമം ഉണ്ടാകുമെന്നാണ് പൊലീസിന്റെ കണക്കൂകൂട്ടൽ. ഇതോടെ നഗരത്തിലെ 70 ശതമാനം റോഡുകളും പൊലീസ് അടച്ചിരിക്കുകയാണ്. പ്രതിഷേധ മാർച്ച് സെക്രട്ടേറിയറ്റിലേക്ക് എത്തുന്നതിന് മുൻപായി 19 ഓളം ഇടങ്ങളിലായി മുള കൊണ്ടുള്ള ബാരിക്കേഡുകളും പൊലീസ് നിരത്തിയിട്ടുണ്ട്. ബാരിക്കേഡുകൾക്ക് പുറമെ വലിയ കണ്ടെയ്നറുകളും കൊൽക്കത്ത നഗരത്തിലെ പ്രധാന റോഡുകളിൽ സ്ഥാപിച്ചിരിക്കുകയാണ്. പ്രതിഷേധക്കാരെ നേരിടാൻ ജലപീരങ്കികളും പൊലീസ് വിന്യസിച്ചിട്ടുണ്ട്.

രണ്ടാം കർഷക പ്രക്ഷോഭം തടയാൻ പഞ്ചാബ് – ഹരിയാന അതിർത്തി, ബിജെപി സർക്കാർ ഇത്തരത്തിൽ അടച്ചിരുന്നു. ഈ മാതൃകയിലാണ് കൊൽക്കത്ത നഗരത്തിലെ സുരക്ഷാ വിന്യാസം. പ്രതിഷേധ മാർച്ച് കണക്കിലെടുത്ത് 6000 ഓളം പൊലീസുകാരെയാണ് നഗരത്തിൽ വിന്യസിച്ചിരിക്കുന്നത്. ബലാത്സംഗ കൊലപാതകത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നതിന് പുറമെ, മമതാ ബാനർജി രാജി വയ്ക്കണമെന്നും ‘നബന്ന അഭിജൻ’ ആഹ്വാനം ചെയ്ത വിദ്യാർഥി സംഘടനയായ ‘പശ്ചിംബംഗ ഛത്രോ സമാജ്’ ആവശ്യപ്പെടുന്നുണ്ട്.

അതേസമയം ‘നഭന്ന അഭിജാൻ’ മാർച്ചിന് പിന്തുണയുമായി ബംഗാൾ ഗവർണർ സി.വി.ആനന്ദബോസ് രംഗത്തെത്തി. ബംഗാളിലെ വിദ്യാർഥി സമൂഹം പ്രഖ്യാപിച്ച സമാധാനപരമായ പ്രതിഷേധത്തെ സർക്കാർ അടിച്ചമർത്താൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച സി.വി.ആനന്ദബോസ്, സമാധാനപരമായി നടക്കുന്ന പ്രതിഷേധക്കാരുടെ മേൽ ജനാധിപത്യ അധികാരങ്ങൾ നടപ്പാക്കരുതെന്ന് സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ടെന്നും ഓർമിപ്പിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *