കെജ്രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി ജൂലൈ 3 വരെ നീട്ടി
ന്യൂഡൽഹി: മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി ജൂലൈ മൂന്നു വരെ നീട്ടി. ബി ആർ എസ് നേതാവ് കെ കവിതയുടെ പി എ യിൽ നിന്ന് 25 കോടി രൂപ സ്വീകരിച്ചെന്ന് ആരോപിച്ച് അറസ്റ്റിലായ വിനോദ് ചൗഹാന്റെ കസ്റ്റഡിയും ജൂലൈ മൂന്നു വരെ നീട്ടിയിട്ടുണ്ട്.
ഇക്കഴിഞ്ഞ മാർച്ച് 21നാണ് ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ആം ആദ്മി പാർട്ടി നൂറുകോടി രൂപയുടെ അഴിമതി നടത്തി എന്നും ഗോവ, പഞ്ചാബ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഈ പണം വിനിയോഗിച്ചു എന്നുമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറയുന്നത്.
മദ്യനയ അഴിമതി കേസിൽ കെജരിവാളിന് നിർണായക പങ്കുണ്ടെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറയുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ നടത്തിയ വാദങ്ങൾ നിഷേധിച്ച മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ തനിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ പകപോക്കൽ ആണെന്നും ആരോപിച്ചു. ഡൽഹി റൗസ് അവന്യൂ കോടതിയിൽ വീഡിയോ കോൺഫറൻസ് മുഖേനയാണ് അരവിന്ദ് കെജ്രിവാൾ ഹാജരായത്. നേരത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്കായി സുപ്രീംകോടതി അരവിന്ദ് കെജ്രിവാളിന് ജാമ്യം അനുവദിച്ചിരുന്നു