പിസി ജോർജിൻ്റെ ജാമ്യാപേക്ഷയിൽ നാളെ വിധി പറയും

0

കോട്ടയം: മത വിദ്വേഷ പരാമർശ കേസില്‍ പിസി ജോർജിൻ്റെ ജാമ്യാപേക്ഷയിൽ നാളെ വിധി പറയും. ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടെന്നും വിദഗ്‌ധ ചികിത്സ വേണമെന്ന് പി.സി ജോർജ് ആവശ്യപ്പെട്ടു.

ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതിന് കേസുകൾ ഇല്ല. അന്വേഷണം പൂർത്തീകരിച്ചതായി പൊലീസ് റിപ്പോർട്ട് ഉണ്ട്. അതുകൊണ്ട് ജാമ്യം നൽകണം എന്നാണ് പി സി ജോർജ് വാദിച്ചത്.

പൊതു പ്രവർത്തകനാകുമ്പോൾ കേസുകൾ ഉണ്ടാകുമെന്നും സ്വഭാവിക ജാമ്യം അനുവദിക്കണമെന്നും പിസി ജോർജ് ആവശ്യപ്പെട്ടു. അതേസമയം ഇപ്പോൾ മെഡിക്കൽ കോളജിൽ നൽകുന്നത് വിദഗ്ദ്ധ ചികിത്സയെന്ന് പ്രോസിക്യൂഷൻ വാദിച്ചു.പിസി ജോര്‍ജിന് മൂന്ന് മുതൽ അഞ്ച് വർഷം വരെ ശിക്ഷ നൽകണമെന്നും തുടർച്ചയായി ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്നും പ്രോസിക്യൂഷൻ വാദിച്ചു. ജാമ്യം കൊടുത്താൽ തെറ്റായ സന്ദേശം നൽകുമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. പിസി ജോര്‍ജ് മൂന്ന് മുതൽ അഞ്ച് വർഷം വരെ തടവ് ലഭിക്കുന്ന കുറ്റമാണ് ചെയ്‌തത് എന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.സാമൂഹ്യ സ്‌പർധ ഉണ്ടാക്കുന്ന പരാമർശം ആണ് നടത്തിയത്. വർഗീയ സംഘർഷം ഉണ്ടാക്കാൻ സാധിക്കുന്ന പരാമർശം ആയിരുന്നു. കുറ്റകൃത്യങ്ങളുടെ പരമ്പരയാണ് പ്രതി ചെയ്‌തത്. ഹൈക്കോടതി പോലും വലിയ കുറ്റം എന്ന് കണ്ടെത്തിയ കേസിൽ ചുരുങ്ങിയ ദിവസത്തിനുള്ളിൽ ജാമ്യം നൽകരുത് എന്നും പ്രോസിക്യൂഷൻ വാദിച്ചു.

ആരോഗ്യ സ്ഥിതി മോശമാണെന്നും ആൻജിയോ ഗ്രാം ഉൾപ്പടെ നടത്തേണ്ടതുണ്ടെന്നും പിസി ജോർജിൻ്റെ അഭിഭാഷകൻ കോടതിയിൽ അറിയിച്ചു. എന്നാൽ സ്വാധീനം ഉപയോഗിച്ച് മെഡിക്കൽ റിപ്പോർട്ട് ഉണ്ടാക്കിയതാണെന്ന് വാദിഭാഗം അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.

അങ്ങനെയെങ്കിൽ ഡോക്‌ടർമാർക്കെതിരെ കേസ് എടുക്കണ്ടേയെന്നും കോടതി പ്രോസിക്യൂഷനോട് ചോദിച്ചു. വാദം പൂർത്തിയായ സ്ഥിതിക്ക് നാളെ ജാമ്യാപേക്ഷയിൽ വിധി പറയും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *