ജെപിസിയിൽ ഉൾപ്പെടുത്തണം: കത്തയച്ച് കെ രാധാകൃഷ്ണന്‍ എംപി
ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ലില്‍ രൂപീകരിച്ച സംയുക്ത പാര്‍ലമെന്ററി സമിതിയില്‍ സിപിഐഎം പ്രതിനിധിയെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കത്തയച്ച് കെ രാധാകൃഷ്ണന്‍ എംപി. സ്പീക്കര്‍ ഓം ബിര്‍ളയ്ക്കാണ് രാധാകൃഷ്ണൻ എംപി കത്തയച്ചത്. സിപിഐഎമ്മിന് രണ്ട് സഭയിലുമായി എട്ട് അംഗങ്ങളുണ്ടെന്ന് രാധാകൃഷ്ണൻ എംപി പറഞ്ഞു. സിപിഐഎമ്മിനേക്കാള്‍ കുറച്ച് അംഗങ്ങളുള്ള പാര്‍ട്ടികളെയും ജെപിസിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞദിവസമാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ലില്‍ സംയുക്ത പാര്‍ലമെന്ററി സമിതി രൂപീകരിച്ചത്. ലോക്സഭയില്‍ നിന്ന് 21 പേരും രാജ്യസഭയില്‍ നിന്ന് 10 പേരുമാണ് സമിതിയിലുള്ളത്. കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധി, മനീഷ് തിവാരി, ബിജെപി നേതാക്കളായ അനുരാഗ് സിങ് താക്കൂര്‍, അനില്‍ ബാലുനി തുടങ്ങിയവര്‍ സമിതിയില്‍ ഉണ്ട്.
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ലിനെതിരെ പ്രതിപക്ഷം വ്യാപക പ്രതിഷേധമാണ് ഉയര്‍ത്തിയത്. ഇതോടെയാണ് ബില്ല് സംയുക്ത പാര്‍ലമെന്ററി സമിതി(ജെപിസി)യുടെ പരിഗണനയ്ക്ക് വിട്ടത്. ലോക്‌സഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പാസാക്കുക എളുപ്പമല്ലെന്ന് കണ്ടാണ് ബില്ലുകള്‍ ജെപിസിക്ക് വിടാന്‍ തീരുമാനിച്ചത്. ലോക്‌സഭാ കാലാവധി തീരുംമുമ്പ് പാസാക്കിയില്ലെങ്കില്‍ ബില്‍ കാലഹരണപ്പെടും.