ജോസ് കെ മാണി പാലായില്‍ തന്നെ ജനവിധി തേടും

0
JOSE K MANI

കോട്ടയം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ പാലാ നിയോജക മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുമെന്ന സൂചന നല്‍കി കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. രണ്ടായിരത്തോളം യുവാക്കളെ അണിനിരത്തിയ ശക്തിപ്രകടനം നടത്തിയാണ് പാലാ വിട്ട് കടുത്തുരുത്തിയിലേക്ക് താന്‍ മാറില്ലെന്ന സന്ദേശം നല്‍കിയത്. ഇന്ന് പാലായില്‍ യൂത്ത് ഫ്രണ്ട് എമ്മിന്റെ നേതൃത്വത്തില്‍ നടന്ന യുവജന റാലിയ്ക്ക് ശേഷം നടന്ന പൊതുയോഗത്തില്‍ മണ്ഡലം തിരിച്ചുപിടിക്കണമെന്ന് ജോസ് കെ മാണി പറഞ്ഞു. പാലായില്‍ വികസനമുരടിപ്പാണ് കഴിഞ്ഞ ഏഴു വര്‍ഷമായി ഉള്ളതെന്നും അതില്‍ നിന്ന് മാറി വികസന വഴി തിരിച്ചു പിടിക്കണമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ കടുത്തുരുത്തി മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് എമ്മും ജോസ് കെ മാണിയും പ്രവര്‍ത്തനം സജീവമാക്കിയിരുന്നു. ഇതോടെ ജോസ് കെ മാണി പാലാ വിട്ട് കടുത്തുരുത്തിയിലേക്ക് മാറുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കടുത്തുരുത്തിയില്‍ പരാജയപ്പെട്ടെങ്കിലും മോന്‍സ് ജോസഫിന്റെ ഭൂരിപക്ഷം 5000ത്തിന് താഴെയ്ക്ക് എത്തിക്കാന്‍ കേരള കോണ്‍ഗ്രസ് എമ്മിന് സാധിച്ചിരുന്നു. കെ എം മാണി മരിച്ചതിനെ തുടര്‍ന്ന് 2019ല്‍ നടന്ന ഉപതിരഞ്ഞെടുപ്പിലും പിന്നീട് 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും പാലായില്‍ കേരള കോണ്‍ഗ്രസ് പരാജയപ്പെട്ടിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനായി മത്സരിച്ച മാണി സി കാപ്പനോടായിരുന്നു യുഡിഎഫിനോടൊപ്പം മത്സരിച്ച കേരള കോണ്‍ഗ്രസിന്റെ പരാജയം. എന്നാല്‍ 2021 എല്‍ഡിഎഫ് പാളയത്തില്‍ എത്തിയ കേരള കോണ്‍ഗ്രസ് മാണി വിഭാഗം ജോസ് കെ മാണിയെ തന്നെ മത്സര രംഗത്തിറക്കിയിട്ടും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മാണി സി കാപ്പനോട് പരാജയപ്പെടുകയായിരുന്നു. ജോസ് കെ മാണി പാലായില്‍ പരാജയപ്പെട്ടത് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന് വലിയ തിരിച്ചടിയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *